ഭൗതിക ശാസ്ത്ര ഗവേഷകന്‍ പ്രഫ. താണു പത്മനാഭന്‍ അന്തരിച്ചു
പുണെ∙ പ്രശസ്ത ഭൗതിക ശാസ്ത്ര ഗവേഷകന്‍ പ്രഫ. താണു പത്മനാഭന്‍ അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് പുണെയിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ കേരള ശാസ്ത്രപ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു.
1957 ല്‍ തിരുവനന്തപുരത്താണ് പ്രഫ. താണു പത്മനാഭന്‍ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴിസിറ്റി കോളജില്‍നിന്നും സ്വര്‍ണമെഡലോടെ ബിഎസ്സി, എംഎസ്സി ബിരുദങ്ങള്‍ നേടി. മുംബൈയിലെ ഡിഐഎഫ്ആറില്‍നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകര്‍ഷണം,. ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങള്‍. വിവിധ വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറായിരുന്നു.
പുണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്റ് ആസ്‌ട്രോഫിസിക്‌സിലെ അക്കാദമി വിഭാഗം ഡീനായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഭാര്യ: ഡോ. വാസന്തി പത്മനാഭന്‍. മകള്‍: ഹംസ പത്മനാഭന്‍.