ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍; സ്വകാര്യ വിവരങ്ങള്‍ കൈമാറരുത്
 



തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കാതെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കൊട്ടിഘോഷിച്ച് കമ്മിറ്റിയെ വെച്ച് ഇടത് സര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നാലര വര്‍ഷത്തോളമായി പൂഴ്ത്തിവെക്കുകയായിരുന്നു. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തുവിടണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

ഒടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചം കാണുന്നു. നടിമാരടക്കം സിനിമാമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നേരിട്ട ദുരനുഭവങ്ങളുമായിരുന്നു കമ്മിറ്റി പഠിച്ചത്. മുന്‍കിട നായികമാര്‍ മുതല്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വരെ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. പല പ്രമുഖര്‍ക്കുമെതിരെ വരെ പരാതി ഉണ്ടെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയായിരുന്നു സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയത്. വ്യക്തികള്‍ക്കെതിരെ മൊഴി ഉണ്ടെന്ന സൂചനകള്‍ ശരിവെച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നുള്ള വിവരാവകാശ കമ്മീഷന്‍ ഉത്തരവ്. 49 ആം പേജിലെ 96 ആം പാരഗ്രാഫ്, 81 മുതല്‍ 100 വരെയുള്ള പേജുകളിലെ 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നാണ് ഉത്തരവ്. 

മൊഴികളും അതിനനുസരിച്ചുള്ള തെളിവുകളും റിപ്പോര്‍ട്ടിലുണ്ടെന്നാണ് ഈ ഉത്തരവ് തന്നെ വ്യക്തമാക്കുന്നത്. പക്ഷെ ഉത്തരവനുസരിച്ച് അവയൊന്നും പുറത്തുവരില്ല. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഡബ്‌ളുസിസി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതോടെയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി ഉണ്ടാക്കിയത്. ഇന്ത്യയില്‍ തന്നെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള ആദ്യ കമ്മിറ്റി. അത് വലിയ നേട്ടമായി ഇടത് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടി. പക്ഷെ 2019 ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പുറത്തുവിടാതെ പൂഴ്ത്തിവെക്കാനായിരുന്നു സര്‍ക്കാറിന്റെ ശ്രമം. ഡബ്ല്യുസിസിയും വനിതാ സംഘടനകളും പലവട്ടം ആവശ്യപ്പെട്ടിട്ടും സ്വകാര്യതാ പ്രശ്‌നം ഉയര്‍ത്തി സര്‍ക്കാര്‍ ഒഴിഞ്ഞുമാറി.

ഇതിനിടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പഠിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടങ്ങുന്ന മറ്റൊരു കമ്മിറ്റിയുണ്ടാക്കിയതല്ലാതെ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. ലൊക്കേഷനില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി നിലവില്‍ വന്നത് ഡബ്ല്യുസിസി ഹൈക്കോടതിയില്‍ പോയി അനുകൂല ഉത്തരവ് നേടിയതിന് പിന്നാലെ മാത്രമായിരുന്നു. ഞെട്ടിക്കുന്ന പല വിവരങ്ങളുമുണ്ടായിട്ടും ഒളിച്ചുകളിച്ച സര്‍ക്കാറിന് വിവരാവകാശ കമ്മീഷന്‍ ഉത്തരവ് തിരിച്ചടിയാണ്. എല്ലാം പുറത്തുവരുന്നില്ലെങ്കിലും കുറെയെങ്കിലും വിവരങ്ങളെങ്കിലും പരസ്യമാകുകയാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media