കെഎഫ്സി വായ്പാ ആസ്തി 5000 കോടി കടന്നു : മുൻവർഷത്തേക്കാൾ 176 ശതമാനം വളർച്ച.
കേരള ഫിനാൻഷ്യൽ കോർപറേഷന്റെ വായ്പ ആസ്തി 5000 കോടി രൂപ കവിഞ്ഞു. ഡിസംബർ 31 ലെ കണക്കുകൾ പ്രകാരം വായ്പ ആസ്തി (Loan Portfolio) 5022 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ 176 ശതമാനം വളർച്ച. 2016 ൽ 2,400 കോടി രൂപ ആയിരുന്നു വായ്പാ ആസ്തി. 10.7 ശതമാനമായിരുന്നു നിർജ്ജീവ ആസ്തി. നടപ്പ് സാമ്പത്തികവർഷം ഇതുവരെ 3385 കോടി രൂപയുടെ പുതിയ വായ്പകൾ നൽകി. ഇന്ത്യയിലെ സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ വച്ച് തന്നെ ഏറ്റവും ഉയർന്ന വളർച്ചയാണ്. വായ്പാ തിരിച്ചടവ് 1871 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇത് 968 കോടി രൂപയായിരുന്നു. ഇതുമൂലം നിഷ്ക്രിയ ആസ്തി 3.4 % ആയി കുറഞ്ഞു.
കെഎഫ്സിയെ പുനര്ജീവനത്തിനു ചിട്ടയായ മാറ്റങ്ങൾ വേണ്ടിവന്നെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പ്രൊഫഷണലുകളെ ഉൾപ്പെടുത്തി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചു. വായ്പാനയം അടിമുടി മാറ്റിയെഴുതി . 14.5 ശതമാനമായിരുന്ന പലിശനിരക്ക് 9.5 ശതമാനമായും പിന്നീട് 9 ശതമാനമായും കുറച്ചു. സർക്കാർ 200 കോടി മൂലധനം നൽകി കെ എഫ് സിയുടെ Capital Adequacy Ratio 23% ആയി ഉയർത്തി. ഇത്തരം ഭാവനാപൂർണമായ പ്രവർത്തനങ്ങളിലൂടെ റേറ്റിംഗ് AA ആയി ഉയരുകയും കമ്പോളത്തിൽ നിന്നും കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ കെ എഫ് സി യുടെ അടിസ്ഥാന പലിശ നിരക്ക് വീണ്ടും കുറഞ്ഞു 8 ശതമാനം മാത്രം ആണ്. ഇങ്ങനെയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ വായ്പാ ആസ്തി ഇരട്ടിയായി വർദ്ധിച്ചത്. മുഖ്യമന്ത്രിയുടെ സംരംഭക പദ്ധതി പ്രകാരം 1700 പേർക്ക് ഇതുവരെ ഈടില്ലാതെ വായ്പ നൽകി. ബജറ്റിൽ പറഞ്ഞതനുസരിച്ച് ബസുകൾ സിഎൻജി യിലേക്ക് മാറ്റുന്നതിനും, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും പുതിയ വായ്പാ പദ്ധതികൾ കൊണ്ട് വന്നിട്ടുണ്ട്. ഇത് കൂടാതെ കരാറുകാർക്ക് ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യുവാനും, ഹോട്ടലുകൾക്കു 50 ലക്ഷം വരെ പ്രത്യേക വായ്പ നൽകുന്നതിനും യാതൊരു ഈടും ഇല്ലാതെയുള്ള പദ്ധതികൾ അവതരിപ്പിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പരമ്പരാഗത കയർ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനായി സർക്കാർ സംസ്ഥാനമൊട്ടാകെ ഡീഫൈബറിങ് യൂണിറ്റുകൾ ആരംഭിക്കുവാനുള്ള നടപടികൾ കൈകൊണ്ടിരുന്നു. ഇത്തരം യൂണിറ്റുകൾക്കായുള്ള പ്രത്യേക വായ്പാ പദ്ധതിയും കെ എഫ് സി ആവിഷ്കരിച്ചിട്ടുണ്ട്. കെ എഫ് സി ഇനി ടെക്നോളജിയിൽ ഊന്നിയ വികസന പ്രവർത്തനങ്ങളിൽ ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിൻറെ ഭാഗമായി പൊതുമേഖല ബാങ്കുകളുമായി സഹകരിച്ച് ഉടൻതന്നെ Debit Card സംവിധാനം അവതരിപ്പിക്കുകയും ചെയ്യും.
നേട്ടത്തിനു വേണ്ടി പ്രയത്നിച്ച എല്ലാ ജീവനക്കാരെയും മന്ത്രി നന്ദി അറിയിച്ചു .