ലയനം പൂര്‍ത്തിയായാല്‍ 'ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍'
 

ക്വാളിറ്റി കെയര്‍ ഇന്ത്യയുടെ അഞ്ച് ശതമാനം  ഉടമസ്ഥാവകാശം ഏറ്റെടുത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍
 


കോഴിക്കോട് : രാജ്യത്തെ മുന്‍നിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെയും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റേയും ലയന നടപടികള്‍ക്ക് തുടക്കമായി. ആദ്യഘട്ടമായി ഓഹരിക്കൈമാറ്റ വ്യവസ്ഥയില്‍ 5% ഷെയറുകള്‍ ഏറ്റെടുത്തു. ബിസിപി ഏഷ്യ ടോപ്‌കോ  പ്രൈവറ്റ് ലിമിറ്റഡ്, സെന്റല്ല മൗറീഷ്യസ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്നീ മാതൃസ്ഥാപനങ്ങളില്‍ നിന്നാണ് ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികള്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഏറ്റെടുത്തത്. 2024 നവംബറിലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെയും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റേയും ലയനം പ്രഖ്യാപിച്ചത്.
849.13 കോടി രൂപ മൂല്യമുള്ള ക്യൂ.സി.ഐ.എല്ലിന്റെ 1,90,46,028 ഇക്വിറ്റി ഷെയറുകളാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കൈമാറിയത്. പകരം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 1,86,07,969 ഷെയറുകള്‍ ഒന്നിന് 10 രൂപ നിരക്കില്‍ ബിസിപി, സെന്റല്ല കമ്പനികള്‍ക്കും നല്‍കി. പൂര്‍ണമായും ഓഹരികള്‍ മാത്രം ഉപയോഗിച്ചുള്ള പണരഹിത ഇടപാടാണ് നടന്നത്. 
ബി.എസ്.ഇ ലിമിറ്റഡ്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്, കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ അനുമതിയോടെയാണ് ഓഹരിക്കൈമാറ്റത്തിന് തുടക്കമിട്ടത്. ഇരുസ്ഥാപനങ്ങളിലെയും നിക്ഷേപകരെയും വിശ്വാസത്തിലെടുത്ത ശേഷമായിരുന്നു നീക്കം. ഇപ്പോള്‍ നടന്നിട്ടുള്ള ഓഹരിക്കൈമാറ്റം പ്രാബല്യത്തില്‍ വരുന്നതിനും മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളുടെ അന്തിമഘട്ട അനുമതി ആവശ്യമാണ്. 
ഇന്ത്യയിലെ ഏറ്റവും ശക്തമായ ആരോഗ്യസേവന ശൃംഖലയായി മാറുന്നതിനുള്ള യാത്രയിലെ നിര്‍ണായക ചുവടുവെയ്പ്പാണ് ഈ ഓഹരിക്കൈമാറ്റമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വിപണിയില്‍ ഏറെ തന്ത്രപ്രധാനമായ നീക്കമാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറും ക്യൂ.സി.ഐ.എല്ലും തമ്മിലുള്ള ലയനം. അതിലേക്കുള്ള ആദ്യ പടിയാണ് 

ഇപ്പോഴത്തെ ഓഹരിക്കൈമാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം സാന്നിധ്യമുള്ള ഒരു ഏകീകൃത ആശുപത്രി ശൃംഖലയ്ക്ക് അടിത്തറ പാകുന്നതാണ് ഈ നീക്കം. ലയനം പൂര്‍ത്തിയാകുന്നതോടെ എല്ലാ നിക്ഷേപകര്‍ക്കും പങ്കാളികള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രയോജനങ്ങള്‍ ലഭിക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
പുതുതായി ഇഷ്യൂ ചെയ്തിട്ടുള്ള ഷെയറുകള്‍ക്ക് ആസ്റ്ററിന്റെ നിലവിലെ ഓഹരികളുടെ അതേ മൂല്യവും ഉടമസ്ഥാവകാശവും തന്നെയാകും ഉണ്ടാവുക.
നിയമപ്രകാരമുള്ള അനുമതികള്‍ കിട്ടിക്കഴിഞ്ഞാല്‍ ലയനം പൂര്‍ത്തിയാകും. പിന്നെ ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍' എന്നായിരിക്കും സ്ഥാപനം അറിയപ്പെടുക. ആസ്റ്ററിനും ബിസിപിക്കും ഒരുമിച്ചായിരിക്കും പിന്നീടുള്ള നിയന്ത്രണാവകാശം. ഇന്ത്യയിലെ പ്രബലരായ രണ്ട് ആരോഗ്യസേവന ദാതാക്കള്‍ കൈകോര്‍ക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് വിപണി ഉറ്റുനോക്കുന്നത്. രാജ്യത്തുടനീളം ഉന്നതനിലവാരമുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുകയാണ് ഇരുസ്ഥാപനങ്ങളുടെയും ലക്ഷ്യം. ഈ വര്‍ഷം തന്നെ ലയനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media