മോന്‍സന്‍ മാവുങ്കല്‍ ജയിലിലേക്ക്; ഒരാഴ്ച റിമാന്‍ഡില്‍
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെ ഏഴ് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 9 വരെയാണ് മോന്‍സനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. അതിനിടെ, മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തിലെ വിഷ്ണുവിന്റെ വിശ്വരൂപം ഉള്‍പ്പെടെ എട്ട് വിഗ്രഹങ്ങളും ശില്‍പ്പങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ശില്‍പ്പി സുരേഷ് നിര്‍മിച്ച് നല്‍കിയവയാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.
മോന്‍സന്‍ മാവുങ്കലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴാണ് വിഗ്രഹങ്ങള്‍ പിടിച്ചെടുക്കുന്ന നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂനിറ്റിലെ സി ഐ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അര്‍ധരാത്രിയോടെ കലൂരിലെ മ്യൂസിയത്തിലെത്തിയത്. കൂടെ ലോറി അടക്കമുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നു. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ശില്‍പ്പി സുരേഷ് നല്‍കിയ പരാതിയിലായിരുന്നു നടപടി. വിഷ്ണുവിന്റെ വിശ്വരൂപം ഉള്‍പ്പെടെ 9 വിഗ്രഹങ്ങളും ശില്‍പ്പങ്ങളും സുരേഷ് നിര്‍മിച്ച് മോന്‍സന് നല്‍കിയിട്ടുണ്ട്. 80 ലക്ഷേം രൂപയായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാല്‍ 7 ലക്ഷം രൂപ മാത്രം നല്‍കി വഞ്ചിച്ചുവെന്നായിരുന്നു സുരേഷിന്റെ പരാതി.
കേസ് രജിസ്റ്റര്‍ ചെയ്ത ക്രൈംബ്രാഞ്ച് സംഘം തൊണ്ടി മുതല്‍ എന്ന നിലയില്‍ മ്യൂസിയത്തില്‍ നിന്ന് ഇവ പിടിച്ചെടുക്കുകയായിരുന്നു. വിഷ്ണുവിന്റെ വിശ്വരൂപം, കന്യാമറിയം, നടരാജ വിഗ്രഹം, ശ്രീകൃഷ്ണന്റെ ശില്‍പ്പം തുടങ്ങിയ ഇതിലുള്‍പ്പെടും. മോന്‍സന് നല്‍കിയവില്‍ ഒരു സിംഹത്തിന്റെ ശില്‍പ്പമാണ് കാണാനില്ലാത്തത്. ഇത് മോന്‍സന്‍ ആര്‍ക്കെങ്കിലും കൈമാറിയട്ടുണ്ടെന്നാണ് നിഗമനം. പിടിച്ചെടുത്ത വസ്തുക്കള്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കും.