കോണ്‍ഗ്രസ് വിടുന്നു, ബിജെപിയിലേക്കില്ല; അമരീന്ദര്‍ സിംഗ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിടുന്നതായി വ്യക്തമാക്കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ട്ടി വിടുന്ന കാര്യം ക്യാപ്റ്റന്‍ വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസ് വിടുകയാണെങ്കിലും താന്‍ ബിജെപിയില്‍ ചേരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഈ അധിക്ഷേപം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അമരീന്ദര്‍ സിങ്ങ് മാധ്യമത്തോട് വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ, 'ഞാന്‍ ഇതുവരെ കോണ്‍ഗ്രസിലാണ്, പക്ഷെ ഇനി ഞാന്‍ അതില്‍ തുടരില്ല. എന്നെ ഈ രീതിയില്‍ പരിഗണിക്കേണ്ടതില്ല.' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിങ്ങ് ഇത്തരത്തില്‍ മറുപടി നല്‍കിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസങ്ങള്‍ മാത്രം അവശേഷിക്കെ മുതിര്‍ന്ന ശക്തനായ നേതാവിന്റെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും ഉണ്ടാകുക. വ്യാഴാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. ഡോവലുമായി പഞ്ചാബിലെ സുരക്ഷാ സാഹചര്യം ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ അംബികാ സോണി, കമല്‍നാഥ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 79 കാരനായ അമരീന്ദര്‍ സിങ്ങ് രണ്ടാഴ്ച മുന്‍പ് സെപ്റ്റംബര്‍ 18നാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.
രാജിക്ക് ശേഷം ചൊവ്വാഴ്ച മുതല്‍ ക്യാപ്റ്റന്‍ ഡല്‍ഹിയിലായിരുന്നു. അതേസമയം, അദ്ദേഹം പാര്‍ട്ടി അധ്യക്ഷയായ സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്. തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകാത്തതാണ് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.
ക്യാപ്റ്റന്റെ രാജിക്ക് ശേഷം പുതിയ മുഖ്യമന്ത്രി വന്നതിന് പിന്നാലെയുണ്ടായ അഭിപ്രായ വിത്യാസത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും നവജ്യോത് സിങ്ങ് സിദ്ദുവും രാജി വച്ചിരുന്നു. അതേസമയം, ഇടഞ്ഞു നില്‍ക്കുന്ന സിദ്ദുവിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞതായി സിദ്ദുവിന്റെ ഉപദേശകന്‍ വ്യക്തമാക്കി. സിദ്ദുവിന്റെ അടുത്ത അനുയായിയും ഉപദേശകനുമായ മുഹമ്മദ് മുസ്തഫയാണ് ഇക്കാര്യം ദേശീയമാധ്യമങ്ങളോട് പറഞ്ഞത്.
പഞ്ചാബ് പിസിസി അധ്യക്ഷനായി 72മത് ദിവസമാണ് സിദ്ദുവിന്റെ രാജിയുണ്ടായത്. സിദ്ദു നേതൃനിരയിലേക്ക് എത്തിയതോടെയാണ് പഞ്ചാബ് കോണ്‍ഗ്രസില്‍ അമരീന്ദര്‍ - സിദ്ദു തര്‍ക്കം രൂക്ഷമായത്. കൂടുതല്‍ എംഎല്‍എമാരെ ഒപ്പം നിര്‍ത്തി അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കാന്‍ സിദ്ദുവിന് കഴിഞ്ഞെങ്കിലും പിന്നീടുള്ള കാര്യങ്ങള്‍ അപ്രതീക്ഷിതമായിരുന്നു. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിക്കുന്നതില്‍ പച്ചക്കൊടി കാണിച്ച ഹൈക്കമാന്‍ഡ് പിന്നീട് നിലപാടുകള്‍ മാറ്റി.
ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ സിദ്ദുവിന്റെ വാക്ക് കേട്ട ഹൈക്കമാന്‍ഡ് പിന്നീട് സിദ്ദുവിന്റെ വാക്കുകള്‍ തള്ളിക്കളഞ്ഞു. തനിക്കൊപ്പം നിന്ന എംഎല്‍എമാരെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സിദ്ദു നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളില്‍ നിന്നും സിദ്ദുവിനെ എഐസിസി നേതൃത്വം പൂര്‍ണമായി മാറ്റി നിര്‍ത്തുകയും ചെയ്തു. തന്റെ നിലപാടിനൊപ്പമല്ല ഹൈക്കാന്‍ഡുള്ളതെന്ന് വ്യക്തമായതോടെ സിദ്ദു രാജി തീരുമാനത്തിലേക്ക് എത്തുകയുമായിരുന്നു