സംസ്ഥാനത്ത് പ്രളയ സാധ്യത; മഴക്കെടുതി നേരിടാന്‍ മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍
തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് സംസ്ഥാന അടിയന്തര കാര്യനിര്‍വഹണ കേന്ദ്രം കൂടുതല്‍ സജീവമാക്കുകയും ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കെ.എസ്.ഇ.ബി, ഇറിഗേഷന്‍ വകുപ്പുകളുടെ പ്രതിനിധികളെ വിന്യസിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളോടും ഏതു അടിയന്തര സാഹചര്യവും നേരിടാന്‍ സുസജ്ജരായിരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
എന്‍.ഡി.ആര്‍.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് സേനയെ മുഴുവനായും സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.