പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ 2023ലെ ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് (സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ്) മലബാര്‍ മില്‍മയ്ക്ക്. രാജ്യത്ത് ഊര്‍ജ്ജ സംരക്ഷണ രംഗത്ത് മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്ന പരമോന്നത പുരസ്‌കാരമാണിത്. ഡെയറി വിഭാഗത്തിലാണ് മലബാര്‍ മില്‍മ ഈ അംഗീകാരം നേടിയത്. ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തില്‍ ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുത്തചടങ്ങിൽ ചടങ്ങില്‍ കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്‍.കെ. സിങില്‍ നിന്നും മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി, എഞ്ചിനീയറിംഗ് വിഭാഗം സീനിയര്‍ മാനേജര്‍ പ്രേമാനന്ദന്‍ .കെ എന്നിവര്‍ ചേര്‍ന്നു അവാര്‍ഡ് ഏറ്റു വാങ്ങി. കേന്ദ്ര ഊര്‍ജ്ജ -ഘനവ്യവസായ സഹമന്ത്രി കൃഷല്‍ പാല്‍ ഗുജ്ജര്‍, കേന്ദ്ര ഊര്‍ജ്ജ വകുപ്പു സെക്രട്ടറി പങ്കജ് അഗര്‍വാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഊര്‍ജ്ജ കാര്യക്ഷമതയും സംരക്ഷണവും നിയന്ത്രണവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബി.ഇ.ഇ.) ആണ് ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഊര്‍ജ്ജ സംരക്ഷണത്തിനായി മലബാര്‍ മില്‍മ നടപ്പിലാക്കി വരുന്ന നൂതന സാങ്കേതിക വിദ്യകള്‍ക്കും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ തലത്തില്‍ മികച്ച ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൊസൈറ്റി ഓഫ് എനര്‍ജി എഞ്ചിനീയേഴ്‌സ് ആന്റ് മാനേജേഴ്‌സിന്റെ (seem) 2022ലെ പ്ലാറ്റിനം അവാര്‍ഡും മലബാര്‍ മില്‍മ കരസ്ഥമാക്കിയിട്ടുണ്ട്. എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ഈ വര്‍ഷത്തെ ഉര്‍ജ്ജ സംരക്ഷണ അവാര്‍ഡ് മലബാര്‍ മില്‍മയുടെ കണ്ണൂര്‍ ഡെയറിക്ക് ലഭിച്ചു. ഇടത്തരം ഊര്‍ജ്ജ ഉപഭോക്തൃ വിഭാഗത്തിലാണ് അവാര്‍ഡ്. ISO 50001:2018 എനര്‍ജി മാനേജ്മെന്റ് സിസ്റ്റ്ം നിലവിലുള്ള കേരളത്തിലെ ഏക ഡെയറിയാണ് മില്‍മയുടെ കണ്ണൂര്‍ ഡെയറി.
ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മറ്റു മേഖലകളിലും മലബാര്‍ മില്‍മ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഏറ്റവും ശുചിത്വമുള്ള പാല്‍ സംഭരിക്കുന്ന യൂണിയന്‍ എന്ന ബഹുമതി മലബാര്‍ മില്‍മയ്ക്ക് ലഭിച്ചിട്ടുണ്ട്. ആയുര്‍വേദ മരുന്നുകള്‍ മൃഗ ചികിത്സയില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ മലബാര്‍ മില്‍മയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കിബാത്തിലൂടെ പ്രശംസിക്കുകയുണ്ടായി. കാലാവസ്ഥാതിഷ്ഠിത ഇന്‍ഷൂറന്‍സ് ക്ഷീര കര്‍ഷകര്‍ക്ക് രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ മേഖല യൂണിയന്‍ എന്ന ബഹുമതിയും മലബാര്‍ മില്‍മയ്ക്ക് തന്നെയാണ്.
രാജ്യത്തെ ഏറ്റവും മികച്ച ക്ഷീര സംഘങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ്, ഈ വര്‍ഷം അടക്കം തുടര്‍ച്ചയായി മൂന്ന് വര്‍ഷവും മലബാര്‍ മില്‍മയുടെ അംഗസംഘങ്ങള്‍ക്ക് ലഭിച്ചു. ഇത് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. പാല്‍ ഉല്‍പ്പന്ന വിപണന രംഗത്തെ ശാക്തീകരണത്തിന്റെ ഭാഗമായി മലബാര്‍ മില്‍മ ക്ഷീരോല്‍പ്പന്നങ്ങളുടെ കയറ്റുമതി നിലവില്‍ 7 രാജ്യങ്ങളില്‍ തുടരുന്നു. കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി വ്യാപിക്കുന്നതിനായി ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പുമായി ധാരണപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ക്ഷീര മേഖലയ്ക്ക് അഭിമാനാര്‍ഹമായ ഇത്തരം നേട്ടങ്ങള്‍ ക്ഷീര കര്‍ഷകരുടെ പ്രസ്ഥാനമായ മലബാര്‍ മില്‍മ തുടര്‍ന്നു കൊണ്ടിരിക്കുമെന്നും കെ.എസ്.മണി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജെയിംസ്, സീനിയര്‍ മാനേജര്‍ പ്രേമാനന്ദന്‍ കെ. എന്നിവരും പങ്കെടുത്തു