കേരളത്തിലെ കൊവിഡ് മരണങ്ങളില്‍ വന്‍ വര്‍ധന
പരിശോധിക്കാന്‍ കേന്ദ്രസംഘം വരുന്നു
ദില്ലി: സംസ്ഥാനത്തെ കൊവിഡ് മരണങ്ങളിലുണ്ടായ വന്‍ വര്‍ധനവിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് അന്വേഷിക്കും. പ്രതിദിന കൊവിഡ് കേസുകളും മരണങ്ങളും കേരളത്തില്‍ കുറഞ്ഞു വരികയാണെങ്കിലും മുന്‍കാലങ്ങളില്‍ സ്ഥിരീകരിക്കാതിരുന്ന ആയിരക്കണക്കിന് മരണങ്ങളാണ് ഇക്കഴിഞ്ഞ മാസങ്ങളില്‍ ഒരോ ദിവസവും ആരോഗ്യവകുപ്പ് പട്ടികയില്‍ ചേര്‍ക്കുന്നത്. ഈ കണക്കുകള്‍ പരിശോധിക്കാനും അന്വേഷിക്കാനുമാണ് പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
കേരളത്തോടൊപ്പം മിസ്സോറാമിലേക്കും പ്രത്യേക സംഘത്തെ കേന്ദ്രസര്‍ക്കാര്‍ അയക്കുന്നുണ്ട്. നിലവില്‍ കൊവിഡ് വ്യാപനം ഏറ്റവും ശക്തമായി തുടരുന്ന സംസ്ഥാനമെന്ന നിലയിലാണ് മിസ്സോറാമിലേക്ക് പ്രത്യേക സംഘത്തെ കേന്ദ്രസര്‍ക്കാര്‍ അയക്കുന്നത്. ഡോ.പി.രവീന്ദ്രന്‍, ഡോ.രുചി ജെയിന്‍, ഡോ.പ്രണയ് വര്‍മ്മ എന്നിവരടങ്ങിയ സംഘമാണ് കേരളത്തില്‍ എത്തുന്നത്. കേരളത്തിലെ കൊവിഡ് പരിശോധന സംവിധാനങ്ങള്‍, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്ന രീതി, കണ്ടെയ്മന്‍മെന്റ സോണുകളുടെ നിര്‍ണയം, ഹോസ്പിറ്റല്‍ ബെഡുകളുടെ ലഭ്യത, ആംബുലന്‍സ് മറ്റു അനുബന്ധ സൗകര്യങ്ങള്‍ കൊവിഡ് വാക്‌സീനേഷനിലെ പുരോഗതി എന്നിവയെല്ലാം സംഘം പരിശോധിക്കും. ഡിസംബര്‍ 12-ന് മുന്‍പായി പ്രത്യേകസംഘത്തോട് കേരളത്തിലും മിസ്സോറാമിലും എത്താനാണ് ആരോഗ്യമന്ത്രാലയം ജോയിന്റ സെക്രട്ടറി ലവ് അഗര്‍വാളിന്റെ ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇന്ന് രാവിലെ എട്ട് മണി വരെയുള്ള 24 മണിക്കൂറിനിടെ രാജ്യത്ത് 5784 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 571 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വ്യാപന നിരക്കാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7995 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. രാജ്യവ്യാപകമായി 252 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.