ആരോഗ്യവകുപ്പ് വീണാ ജോര്‍ജിന്
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് വീണാ ജോര്‍ജിന്. ഒന്നാം പിണറായി സര്‍ക്കാരില്‍ കെ.കെ ശൈലജ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത വകുപ്പാണ് വീണാ ജോര്‍ജിന് ലഭിച്ചിരിക്കുന്നത്. ആരോഗ്യമേഖലയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വനിതാ മന്ത്രിയെ നിയമിച്ചുകൊണ്ടാണ് പിണറായി മന്ത്രിസഭയിലെ പട്ടിക. വീണാ ജോര്‍ജിലൂടെ മാധ്യമ പ്രവര്‍ത്തനത്തിലും ജനപ്രതിനിധി എന്ന നിലയിലും തിളങ്ങിയ വീണയുടെ രണ്ടാം വിജയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരുന്നു.കഴിഞ്ഞ നിയമസഭാ തെരത്തെടുപ്പുകളില്‍ ഇടതുമുന്നണിക്ക് കാര്യമായ നേട്ടം സമ്മാനിച്ച ജില്ലയാണ് പത്തനംതിട്ടയെങ്കിലും സി പി ഐ എമ്മിന് ആദ്യമായാണ് ജില്ലയില്‍ ഒരു മന്ത്രി സ്ഥാനം എത്തുന്നത്.
2016 ല്‍ ന്യൂസ് റൂമില്‍ നിന്ന് ഇറങ്ങി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വീണാ ജോര്‍ജിന് സഭാ സ്ഥാനാര്‍ത്ഥിയെന്ന ലേബലുണ്ടായിരുന്നു. സിപിഐ എമ്മിന്റെ രാഷ്ട്രീയ പരീക്ഷണം ശരിയാകുന്ന കാഴ്ചയാണ് പിന്നീട് അങ്ങോട്ട് കണ്ടത്. 7646 വോട്ടിന്റെ ദൂരിപക്ഷത്തില്‍ ജയിച്ച വീണ ഇത്തവണ 19,003 വോട്ടിന്റെ വ്യത്യാസത്തില്‍ ആധികാരിക വിജയം നേടി. 2016 ല്‍ പാര്‍ട്ടി അംഗമല്ലാതെ സിപിഐഎം ചിഹ്നത്തില്‍ മത്സരിച്ച വീണാ ജോര്‍ജ് 5 വര്‍ഷം കൊണ്ട് സംഘടന നേതൃത്വത്തോട് ചേര്‍ന്ന് പോകുന്നതിലും അസാമാന്യ പാടവം കാട്ടി.
എംഎല്‍എ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും ഒപ്പം സാമുദായിക പരിഗണയും വീണക്ക് തുണയായി. എം. കെ ഹേമചന്ദ്രനും അഡ്വ. ആര്‍ രാമചന്ദന്‍ നയര്‍ക്കും ശേഷം ആറന്മുളയില്‍ നിന്നുള്ള മന്ത്രിയാവുകയാണ് വീണാ ജോര്‍ജ്. ഭൗതിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ വീണ
നൃത്തം, അഭിനയം തുടങ്ങി കലാ രംഗത്തും സജീവമായിരുന്നു. മാധ്യമ പഠനമില്ലാതെ മാധ്യമപ്രവര്‍ത്തനത്തില്‍ തിളങ്ങി. കേരളത്തില്‍ ഒരു വാര്‍ത്താ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിത. ഓര്‍ത്തഡോക്സ് സഭ മുന്‍ സെക്രട്ടറിയും അധ്യാപകനുമായ ഡോ. ജോര്‍ജ് ജോസഫാണ് ഭര്‍ത്താവ്. അന്നയും ജോസഫും മക്കള്‍.