കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കാന്‍സര്‍ രോഗികള്‍ക്കായി 120 കോടി രൂപയുടെ സുപ്രധാന പദ്ധതിയുമായി ഇന്ത്യയിലെ മുന്‍നിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍. ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 6 അത്യാധുനിക ഓങ്കോളജി റേഡിയേഷന്‍ ലിനാക് സെന്ററുകള്‍ സ്ഥാപിക്കും.
ഗുഡലൂര്‍, ഗുഡല്‍പേട്ട് തുടങ്ങിയ പ്രദേശങ്ങളിലേയും, മലബാര്‍ മേഖലയെ സാധാരണ ജനങ്ങള്‍ക്കും ആശ്വാസമാകുന്നതിന് വേണ്ടി ആദ്യ കേന്ദ്രം വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലാണ് സ്ഥാപിക്കുന്നത്. ഡോ. മൂപ്പന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് 2026-ഓടെ ഈ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും. രണ്ടാമത്തെ സെന്റര്‍ ബെംഗളൂരുവില്‍ തുടങ്ങാനാണ് പദ്ധതി. ലീനിയര്‍ ആക്‌സിലറേറ്ററുകളും അനുബന്ധ സൗകര്യങ്ങളുമുള്‍പ്പെടെ പൂര്‍ണ്ണ സജ്ജീകരണങ്ങളോടുകൂടിയ ആധുനിക റേഡിയേഷന്‍ തെറാപ്പി സെന്ററുകളാണ് പദ്ധതിയുടെ ഭാഗമായി നിലവില്‍ വരുന്നത്.
കാന്‍സര്‍ ചികിത്സാചെലവുകള്‍ താങ്ങാന്‍ കഴിയാത്തവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ചികിത്സ മുടങ്ങിപ്പോയവര്‍ക്കും ഉന്നത നിലവാരമുള്ള റേഡിയേഷന്‍ തെറാപ്പി സൗജന്യമായും കുറഞ്ഞ നിരക്കിലും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
ഇന്ത്യയില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കുള്‍പ്പെടെ, നൂതന കാന്‍സര്‍ ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. അത്യാധുനിക ഓങ്കോളജി റേഡിയേഷന്‍ ലിനാക് സെന്ററുകള്‍ സ്ഥാപിക്കുന്നതിലൂടെ, ചികിത്സാ രംഗത്തെ പ്രധാന വിടവുകള്‍ നികത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും, ജീവന്‍രക്ഷാ ഉപാധികള്‍ സമയബന്ധിതമായി രോഗികളുടെ അടുത്തെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറിന്റെ ആഗോള സി.എസ്.ആര്‍. വിഭാഗമായ 'ആസ്റ്റര്‍ വോളന്റിയേഴ്സിന്റെ ഭാഗമായിരിക്കും ഈ സെന്ററുകളുടെ പ്രവര്‍ത്തനം.
ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട് ചികിത്സ പാതിവഴിയില്‍ നിര്‍ത്തേണ്ടി വരുന്ന രോഗികള്‍ക്ക് ഈ പദ്ധതിയിലൂടെ ആശ്വാസം പകരാന്‍ കഴിയും .