ഇറാനെതിരായ സൈനിക നടപടി ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷ്യം കാണുമെന്ന് മാര്‍ക്കോ റൂബിയോ
 


വാഷിംഗ്ടണ്‍: ഇറാനെതിരായ സൈനിക നടപടി അവസാനിക്കാന്‍ മാസങ്ങള്‍ വേണ്ടി വരില്ല ആഴ്ചകള്‍ മതിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി മാര്‍ക്കോ റൂബിയോ. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മാര്‍ക്കോ റൂബിയോ വെള്ളിയാഴ്ച വിശദമാക്കിയത്. ഫ്രാന്‍സില്‍ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാര്‍ക്കോ റൂബിയോ. ഇറാനെതിരായ സൈനിക നീക്കം നിശ്ചയിച്ച സമയക്രമത്തിലോ അതിന് മുന്നിലോ ആണ് നടക്കുന്നത്. അനുയോജ്യമായ സമയത്ത്, അതായത് മാസങ്ങള്‍ക്കല്ല ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് മാര്‍ക്കോ റൂബിയോ വിശദമാക്കിയത്.

കരസേനയുടെ സഹായമില്ലാതെ ലക്ഷ്യങ്ങള്‍ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എങ്കിലും സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് പ്രസിഡന്റിന് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവസരമൊരുക്കാന്‍ ചില സൈനികരെ മേഖലയില്‍ വിന്യസിക്കുന്നുണ്ടെന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.ആയിരക്കണക്കിന് മറീനുകള്‍ അടങ്ങുന്ന രണ്ട് സംഘങ്ങളെയാണ് അമേരിക്ക നിലവില്‍ പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുള്ളത്. ഇതില്‍ ആദ്യത്തെ സംഘം മാര്‍ച്ചവസാനത്തോടെ എത്തും. കൂടാതെ ആയിരക്കണക്കിന് എയര്‍ബോണ്‍ സൈനികരേയും പെന്റഗണ്‍ വിന്യസിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഫെബ്രുവരി 28-ന് ഇറാന്‍ പരമോന്നത നേതാവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ചുകൊണ്ട് അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു കരയുദ്ധമായി മാറുമോ എന്ന ആശങ്കയാണ് വലിയ രീതിയിലെ സൈനിക വിന്യാസം മുന്നോട്ട് വയ്ക്കുന്നത്. അമേരിക്ക, ഇസ്രായേല്‍ ലക്ഷ്യങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങളിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും കപ്പലുകള്‍ക്കും നേരെ ഇറാന്‍ നടത്തിയ തിരിച്ചടികള്‍ ആഗോളതലത്തില്‍ ഊര്‍ജ്ജ-ചരക്ക് വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് വിലക്കയറ്റത്തിനും സാമ്പത്തിക മാന്ദ്യത്തിനുമുള്ള ഭീതി ഉയര്‍ത്തിയിരിക്കുകയാണ്.

യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. നയതന്ത്ര പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ ഫലപ്രദമായി നടക്കുന്നുണ്ടെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോഴും ഇത്തരം വാദങ്ങളെല്ലാം ഇറാന്‍ തള്ളുകയാണ്. ഉപരോധിക്കപ്പെട്ട ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാന്‍ നല്‍കിയിരുന്ന സമയപരിധി ട്രംപ് പത്ത് ദിവസം കൂടി നീട്ടിയിട്ടുണ്ട്. യുദ്ധം അവസാനിച്ചതിന് ശേഷവും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ ചുങ്കം ഏര്‍പ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് റൂബിയോ ജി7 വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച ചെയ്തു. ഈ ജലപാതയിലൂടെയുള്ള വ്യാപാരത്തിന്റെ ഗുണഭോക്താക്കളായ യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ ഇതിന്റെ സുരക്ഷാ ചുമതലയില്‍ പങ്കാളികളാകണമെന്ന് മാര്‍ക്കോ റൂബിയോ പറഞ്ഞു. ഈ വ്യാപാര മേഖലയില്‍ അമേരിക്കയ്ക്കുള്ള ആശ്രിതത്വം കുറവാണെന്നും മാര്‍ക്കോ റൂബിയോ കൂട്ടിച്ചേര്‍ത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media