കേവലഭൂരിപക്ഷം 118 ഉറപ്പാക്കിയിട്ട് മതി സത്യപ്രതിജ്ഞയെന്ന് ഗവര്‍ണ്ണര്‍
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ബ്ലോക്ക്ബസ്റ്റര്‍ അരങ്ങേറ്റം കുറിച്ച വിജയ്ക്ക് മുന്നില്‍ പുതിയ വെല്ലുവിളിയായി ഗവര്‍ണര്‍. കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ച വിജയ്, നാളെയോ മറ്റന്നാളോ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന് നിനച്ചിരിക്കവെയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ വക പുതിയ വെല്ലുവിളി. കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന നിലപാടിലാണ് ഗവര്‍ണര്‍. കോണ്‍ഗ്രസ് പിന്തുണക്ക് പിന്നാലെ 113 എം എല്‍ എമാര്‍ ഒപ്പിട്ട കത്താണ് വിജയ്യും ടി വി കെ പാര്‍ട്ടിയും നല്‍കിയത്. എന്നാല്‍ 234 അംഗ നിയമസഭയില്‍ 118 എന്ന മാന്ത്രിക സംഖ്യ കടന്നാല്‍ മാത്രമേ ഭൂരിപക്ഷമാകും. ഇത് ഉയര്‍ത്തിയുള്ള ഗവര്‍ണര്‍ നീക്കം വിജയ്യെ വെട്ടിലാക്കിയിരിക്കുകയാണ്. 118 എം എല്‍ എമാര്‍ പിന്തുണക്കുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് ഹാജരാക്കണമെന്ന നിലപാടിലാണ് ഗവര്‍ണര്‍. അങ്ങനെയെങ്കില്‍ മാത്രമേ സത്യപ്രതിജ്ഞക്ക് അനുവാദം നല്‍കു എന്നാണ് നിലപാട്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. അറ്റോര്‍ണി ജനറാലിന്റെ ഉപദേശമാണ് തേടിയത്. 5 പേരുടെ പിന്തുണ കൂടി ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വിജയ്. സത്യപ്രതിജ്ഞ നടത്തി മുഖ്യമന്ത്രിയായി അധികാരമേറ്റാല്‍ പിന്തുണ ഉറപ്പിക്കല്‍ എളുപ്പമാകുമെന്ന് നിനച്ചിരിക്കവെയാണ് ഗവര്‍ണറുടെ വക പുതിയ വെല്ലുവിളി.
നിര്‍ണായകം സി പി എം, സി പി ഐ, വി സി കെ
നേരത്തെ എം എല്‍ എമാര്‍ക്കൊപ്പം എത്തിയാണ് വിജയ്, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. അരുണ്‍രാജ്, എന്‍ ആനന്ദ്, സെങ്കോട്ടയ്യന്‍, അധവ് അര്‍ജുനന്‍, വെങ്കിട്ടരാമന്‍ എന്നീ എം എല്‍ എമാരാണ് വിജയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. 234 അംഗ നിയമസഭയില്‍ 108 സീറ്റുകളിലാണ് ടി വി കെ വിജയിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാന്‍ ഇനിയും സീറ്റുകള്‍ വേണം. അഞ്ച് സീറ്റുകളുള്ള കോണ്‍ഗ്രസ് വിജയ്യെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ഇതോടെ സീറ്റുകളുടെ എണ്ണം 113 ആയി. ഭരണഘടനയില്‍ വിശ്വസിക്കാത്ത വര്‍ഗീയ ശക്തികള്‍ മുന്നണിയിലില്ലാത്തതിനാല്‍ ടി വി കെയെ പിന്തുണയ്ക്കുന്നു എന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. ഡി എം കെ സഖ്യകക്ഷികളായ സി പി ഐ (രണ്ട് സീറ്റുകള്‍), സി പി എം (രണ്ട് സീറ്റുകള്‍), വി സി കെ (രണ്ട് സീറ്റുകള്‍) എന്നിവരുടെ പിന്തുണയും ടി വി കെ പ്രതീക്ഷിക്കുന്നുണ്ട്. ഇത് ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരണം വിജയ്ക്ക് വലിയ പ്രതിസന്ധിയായി മാറിയേക്കും.