കണ്ണൂര്‍: ചെങ്കോട്ടയായ കണ്ണൂരിലെ സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടകളിലൊന്നാണ് തളിപ്പറമ്പ്. പതിറ്റാണ്ടുകളായി ഇളകാതെ നില്‍ക്കുന്ന പാര്‍ട്ടി കോട്ട. ഏത് കൊടുങ്കാറ്റിലും കൂടെ നില്‍ക്കുമെന്ന് സിപിഎം ഉറച്ചുവിശ്വസിക്കുന്ന മണ്ഡലം. ആ വിശ്വാസത്തിന്റെ മേലെയാണ് തിങ്കളാഴ്ച ടി.കെ. ഗോവിന്ദനെന്ന ജില്ലാ സെക്രട്ടേറിയറ്റംഗം കനല്‍ കോരിയിട്ടത്. പയ്യന്നൂരിന് പിന്നാലെ തളിപ്പറമ്പിലുമുണ്ടായ പൊട്ടിത്തെറി സിപിഎമ്മിനുണ്ടാക്കിയ ആഘാതം ചെറുതല്ല. അടിയൊഴുക്കുകള്‍ നേരിയ തോതില്‍ പ്രകടമായി തുടങ്ങിയ തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദന്‍ സ്ഥാനാര്‍ഥിത്വം കൂടി പ്രഖ്യാപിച്ചതോടെ സിപിഎം മണ്ഡലത്തില്‍ നേരിടുന്നത് വലിയ വെല്ലുവിളി. പി.കെ. ശ്യാമളയും ടി.കെ. ഗോവിന്ദനും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പ്.
സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ പി.കെ. ശ്യാമള തളിപ്പറമ്പ് മണ്ഡലത്തില്‍ മത്സരിക്കുന്നതിനെച്ചൊല്ലിയാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടായത്. നിലവിലെ തളിപ്പറമ്പ് എം.എല്‍.എ.യായ എം.വി. ഗോവിന്ദന്റെ പിന്‍ഗാമിയായി ഭാര്യ പി.കെ. ശ്യാമളയെ നിര്‍ദേശിച്ചതുമുതല്‍ തന്നെ പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാകമ്മിറ്റിയിലും മണ്ഡലംകമ്മിറ്റിയിലും കടുത്തവിയോജിപ്പുണ്ടായി. അതൊരു പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന്പാര്‍ട്ടി സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല.
എം.വി. ഗോവിന്ദനും ശ്യാമളയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ചാണ് ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടിവിടുന്ന കാര്യവും സ്ഥാനാര്‍ഥിത്വവും പ്രഖ്യാപിച്ചത്. തളിപ്പറമ്പിലെ വിമതനീക്കം നിരീക്ഷിക്കുകയായിരുന്ന കോണ്‍ഗ്രസിന്റെ പിന്തുണയുറപ്പാക്കിയാണ് അദ്ദേഹം പാര്‍ട്ടിക്കെതിരേ രംഗത്തുവന്നത്. സി.പി.എമ്മിന് എതിരില്ലാത്ത പാര്‍ട്ടി കോട്ടയായ മലപ്പട്ടം സ്വദേശിയാണ് ഗോവിന്ദന്‍. പയ്യന്നൂരില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ മുന്‍ ജില്ലാകമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ടി.കെ. ഗോവിന്ദനും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
അന്തിമപട്ടിക അംഗീകരിച്ച ജില്ലാകമ്മിറ്റി യോഗത്തിലും മണ്ഡലം യോഗത്തിലും ടി.കെ. ഗോവിന്ദന്‍ പങ്കെടുത്തിരുന്നില്ല. ടി.കെ. ഗോവിന്ദനെ തഴയാനായി തളിപ്പറമ്പ് സ്ത്രീകള്‍ക്കായി സംവരണംചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചെന്നും മറ്റെല്ലാ അഭിപ്രായങ്ങളും നിരാകരിച്ച് പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കുകയായിരുന്നെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ദീര്‍ഘകാലം തളിപ്പറമ്പ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പുചുമതലക്കാരനായിരുന്ന ഗോവിന്ദന്റെ വിമതനീക്കം കടുപ്പമേറിയ പ്രതിസന്ധിയാകും സി.പി.എമ്മിനുണ്ടാക്കുക.