തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ കാലത്ത് സസ്‌പെന്‍ഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ ബി അശോകിനെയും എന്‍ പ്രശാന്തിനെയും തിരിച്ചെടുത്ത് വിഡി സതീശന്‍. ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തൊട്ടുമുമ്പ് അശോകിനെ സസ്‌പെന്‍ഡ് ചെയ്തത്. രണ്ടുവര്‍ഷമായി പുറത്തുള്ള പ്രശാന്ത് നേരിട്ടത് ഒന്‍പത് സസ്‌പെന്‍ഷന്‍ ആണ്.
സര്‍ക്കാര്‍ നയങ്ങളെയും ഉന്നത ഉദ്യോസ്ഥരുടെ നടപടികളെയും വിമര്‍ശിക്കാന്‍ ഒരു മടിയും കാണിക്കാത്ത ട്രാക്ക് റെക്കോര്‍ഡാണ് അശോകിനും ബ്രോ പ്രശാന്തിനും. പിണറായി സര്‍ക്കാറിന്റെ കണ്ണിലെ കരടായ സീനിയര്‍ ഉദ്യോഗസ്ഥന്‍ അശോകിനെ സസ്‌പെന്‍ഡ് ചെയ്യുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനിടെ തൊട്ടുമുമ്പ്. തുടര്‍ഭരണം ഫാസിസത്തിലേക്ക് നയിക്കുമെന്ന മാധ്യമങ്ങളിലെ വിമര്‍ശനം കാരണം.
ഉത്തരവ് മേശപ്പുറത്ത് കിടക്കട്ടെ, കാവല്‍ സര്‍ക്കാരിന്റെ നടപടിക്ക് നിയമസാധുതയില്ലെന്നായിരുന്നു അന്ന് അശോകിന്റെ പ്രതികരണം. കേര പദ്ധതിയിലെ അഴിമതിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ കൃഷി വകുപ്പില്‍ നിന്ന് അശോകിനെ ആദ്യം മാറ്റി. കെടിഡിഎഫ്‌സി സിഎംഡി. തദ്ദേശ കമ്മീഷണര്‍, ഉദ്യോഗസ്ഥ ഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങി പല അപ്രധാന വകുപ്പുകളിലേക്കുമുള്ള മാറ്റങ്ങളെ അശോക് ട്രൈബ്യൂണലില്‍ പോയി തടഞ്ഞിരുന്നു.
സമൂഹമാധ്യമങ്ങളായിരുന്നു ബ്രോ പ്രശാന്തിന്റെ പ്രധാന കേന്ദ്രം. അച്ചടക്ക നടപടികളെ ട്രോള്‍ ഇറക്കി മറുപടി നല്‍കുന്നതാണ് രീതി. പലവട്ടം നടപടി നേരിട്ടു, ഒടുവില്‍ ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ചതിന് നടപടി. ഹിയറിംഗ് ലൈവ് സ്ട്രീം നടത്തണമെന്ന് വരെ ആവശ്യപ്പെട്ടു.