സൗഖ്യ പദ്ധതിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ കൈത്താങ്ങ്

ടൈപ്പ്-1 പ്രമേഹബാധിതരായ 250 കുട്ടികള്‍ക്ക് സൗജന്യ സി.ജി.എം  മോണിറ്ററിംഗ് പാച്ചുകള്‍ കൈമാറി


കോഴിക്കോട്: ടൈപ്പ്-1 പ്രമേഹബാധിതരായ കുട്ടികള്‍ക്ക് ആശ്വാസമേകി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രി. കുട്ടികള്‍ക്കിടയില്‍ പ്രമേഹം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച 'സൗഖ്യ' പദ്ധതിയുടെ ഭാഗമായി 250 കുട്ടികള്‍ക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യമായി സി.ജി.എം ) മോണിറ്ററിംഗ് പാച്ചുകള്‍  വിതരണം ചെയ്തു. ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റും ആസ്റ്റര്‍ വോളണ്ടിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച വിതരണോദ്ഘാടനം കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ നിര്‍വഹിച്ചു.

'കുട്ടികളുടെ ആരോഗ്യസംരക്ഷണം നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. ടൈപ്പ്-1 പ്രമേഹം നേരിടുന്ന കുട്ടികളുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ 'സൗഖ്യ' പദ്ധതിക്ക് ആസ്റ്റര്‍ മിംസ് നല്‍കുന്ന ഈ പിന്തുണ തികച്ചും മാതൃകാപരമാണന്നും കളക്ടര്‍ പറഞ്ഞു.ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ഡി.ഐ.ഇ.ടി നടത്തിയ പ്രത്യേക പഠനത്തില്‍ നിരവധി കുട്ടികള്‍ ടൈപ്പ്-1 പ്രമേഹ ബാധിതരാണെന്നും അവര്‍ക്ക് അടിയന്തര പിന്തുണ ആവശ്യമാണെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സൗഖ്യ പദ്ധതിക്ക് രൂപം നല്‍കിയതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ആതുരസേവന രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായി, സമൂഹത്തിന്റെ ക്ഷേമത്തിനായി ആസ്റ്റര്‍ മിംസ് വിഭാവനം ചെയ്ത 25 ജനക്ഷേമ പദ്ധതികളില്‍ ആദ്യത്തേതാണ് ഈ സി.ജി.എം മെഷീന്‍ വിതരണമെന്ന് ആസ്റ്റര്‍ മിംസ് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു. ദിവസേന രക്തം പരിശോധിച്ച് ഇന്‍സുലിന്‍ അളവ് നിര്‍ണ്ണയിക്കേണ്ടി വരുന്നത് കുട്ടികളില്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. എന്നാല്‍ പുതിയ സി.ജി.എം മോണിറ്ററിംഗ് പാച്ചുകള്‍ കയ്യില്‍ ഘടിപ്പിക്കുന്നതോടെ സൂചി കുത്താതെ തന്നെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിരീക്ഷിക്കാനും അടിയന്തര സാഹചര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് പ്രതിരോധിക്കാനും മാതാപിതാക്കള്‍ക്ക് സാധിക്കും.

മെഷീന്‍ വിതരണത്തോടൊപ്പം ഇവയുടെ കൃത്യമായ ഉപയോഗത്തെക്കുറിച്ചും ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചും പീഡിയാട്രിക് വിഭാഗം മേധാവി ഡോ. സുരേഷ് കുമാര്‍, പീഡിയാട്രിക് എന്‍ഡോക്രൈനോളജിസ്റ്റ് ഡോ.ധന്യ തുടങ്ങിയ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ചടങ്ങില്‍ ആസ്റ്റര്‍ മിംസ് എജിഎം ഓപ്പറേഷന്‍സ് ഷീന, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. നസീര്‍, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്  മാനേജര്‍ മുഹമ്മദ് ഹസീം , അസിസ്റ്റന്റ് മാനേജര്‍ മുഹമ്മദ് എ.പി, ടൈപ്പ് വണ്‍ ഡയബറ്റിക് വെല്‍ഫെയര്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് വിജേഷ് ടി.ആര്‍, വൈസ് പ്രസിഡന്റ് ശ്രീകാന്ത് തളിയല്‍മന തുടങ്ങിയവരും ഗുണഭോക്താക്കളായ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media