മേപ്പാടി: ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ഏഴാമത് എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാനം നടന്നു. ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അധ്യക്ഷനായ ചടങ്ങില്‍ രാജഗിരി ഹോസ്പിറ്റല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സയന്‍സസ് ഡയറക്ടര്‍ പദ്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ മുഖ്യാതിഥിയായി. പഠനനിലവാരത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളത്തിലെ മികച്ച മെഡിക്കല്‍ കോളേജുകളിലൊന്നായ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍നിന്ന് 146 വിദ്യാര്‍ഥികളാണ് പഠനവും പരിശീലനവും കഴിഞ്ഞ് പുറത്തിറങ്ങിയത്. ചടങ്ങില്‍ യുവ ഡോക്ടര്‍മാര്‍ക്കുള്ള സന്ദേശം കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് കൈമാറി. ഏറ്റവും മികച്ച ഔട്ട് ഗോയിങ് സ്റ്റുഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. അഭിനന്ദ് ഉണ്ണി, മികച്ച അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നേടിയ ഡോ. ഗായത്രി ജെ എന്നിവര്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ വിതരണം ചെയ്തു. മൂപ്പന്‍സ് മെഡിക്കല്‍കോളേജ് ട്രസ്റ്റിയും ആസ്റ്റര്‍ മിംസിന്റെ ഡയറക്ടറുമായ ഡോ.ഹംസ, എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീര്‍, ട്രസ്റ്റീ നസീറാ ആസാദ്, വയനാട് ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി ഐ.എ.എസ്,
ന്യൂറോളജിസ്റ്റും ദേശീയതല മെഡിക്കല്‍ ഫാക്കല്‍റ്റിയുമായ ഡോ. രാഹുല്‍ രാജീവ് , പ്രിന്‍സിപ്പാള്‍ ഡോ. എലിസബത്ത് ജോസഫ് തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പ്രഭു ഇ. വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യവൃത്തിയുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. സാറ ചാണ്ടി, പി.ടി.എ പ്രസിഡന്റ് അഡ്വ. പി.കെ. ദിനേശ് കുമാര്‍, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ശ്രീകാന്ത്, ഡോ. നിമല്‍ ജെയിംസ് , എന്നിവര്‍ സംസാരിച്ചു.