കോഴിക്കോട്: റിപ്പോര്‍ട്ടര്‍ കമ്പനിയുടെ അക്കൗണ്ടില്‍ വന്ന 213 കോടി രൂപ വായ്പയെന്ന വാദം നിലനില്‍ക്കില്ലെന്ന് ജിഎസ്ടിയുടെ പ്രത്യേക അന്വേഷണ സംഘം. ചിട്ടി സ്ഥാപനം 137.15 കോടി നല്‍കി. ഇതില്‍ റിപ്പോര്‍ട്ടര്‍ കമ്പനിയുടെ ബോര്‍ഡ് പാസാക്കിയതായി കാണിച്ചത് 100 കോടിയുടെ ഇടപാട് മാത്രമാണെന്നും ബാക്കി 37.15 കോടി വന്നത് എങ്ങനെ എന്ന് വ്യക്തതയില്ലെന്നും പറയുന്നു. ചിട്ടി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡും ഇത്ര വലിയ തുകയുടെ കൈമാറ്റം അംഗീകരിച്ചതായി രേഖയില്ല. തിരിച്ചടവ് വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്നും ഈടായി കാണിച്ചത് ഒപ്പിട്ട ചെക്കുകള്‍ മാത്രമാണെന്നും എസ്‌ഐടി പറയുന്നു.
രണ്ടാം സ്വകാര്യ കമ്പനിയില്‍ നിന്ന് കൈപ്പറ്റിയ 75 കോടിക്കും ഈടായി കാണിച്ചത് മൂല്യം പെരുപ്പിച്ചു കാട്ടിയ വസ്തുവാണെന്നും എസ്‌ഐടി പറയുന്നു. 2024ല്‍ തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ വസ്തുവിന് മൂല്യം നിശ്ചയിച്ചത് 9.94 കോടി രൂപയായിരുന്നു. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് മൂല്യം 15 ഇരട്ടിയായി. 154 കോടി മൂല്യമുള്ളതായി കാണിച്ച് 75 കോടി വായ്പയായി സംഘടിപ്പിച്ചു. അസാധാരണമായി മൂല്യം കൂട്ടി കാണിച്ചത് രജിസ്‌ട്രേഷന്‍ വകുപ്പ് അന്വേഷിക്കണമെന്നും എസ്‌ഐടി ശുപാര്‍ശ ചെയ്തു.