തീരാതെ സമരം; കൂടുതല്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങി
ശുഭപ്രതീക്ഷയെന്ന് സമരക്കാര്‍
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലും തീരുമാനമാകാതെ സംസ്ഥാനത്തെ പി.ജി ഡോക്ടര്‍മാരുടെ സമരം . പരിഹാര മാര്‍ഗങ്ങള്‍ ചര്‍ച്ചയായില്ലെന്നും സമരം തുടരുമെന്നും സമരക്കാര്‍ പറഞ്ഞു. മന്ത്രിയുള്‍പ്പെടുന്ന ഉന്നതതല ചര്‍ച്ച നടത്താമെന്ന് ഇന്നത്തെ കൂടിക്കാഴ്ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
ചെയ്യാവുന്നതെല്ലാം ചെയ്തു, ഇനി ചര്‍ച്ചയില്ലെന്ന നിലപാട് സര്‍ക്കാര്‍ തല്‍ക്കാലം മയപ്പെടുത്തി. പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയാറെന്ന് മന്ത്രി അറിയിച്ചതോടെയാണ് ഇന്ന് കൂടിക്കാഴ്ച്ചയ്ക്ക് വഴിയൊരുങ്ങിയത്. പരിഹാര മാര്‍ഗങ്ങള്‍ ചര്‍ച്ചയായില്ലെങ്കിലും ഔദ്യോഗികമായി ഒരു ചര്‍ച്ചയ്ക്ക് കൂടി തയാറെന്ന് സര്‍ക്കാര്‍ അറിയിച്ചു. പിജി അസോസിയേഷന്‍ നേതാക്കള്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍ എന്നിവരുള്‍പ്പെടുന്നതാകും ചര്‍ച്ച. എന്നാല്‍ തിയതിയോ സമയമോ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.
ഹൗസ് സര്‍ജന്മാര്‍ തിരികെ ഡ്യൂട്ടിയില്‍ കയറുകയും, താല്‍ക്കാലികമായി നിയമിച്ച ജൂനിയര്‍ റെസിഡന്റുമാര്‍ എത്തുകയും ചെയ്തതോടെ മെഡിക്കല്‍ കോളേജുകളില്‍ സ്തംഭിക്കുന്ന തരത്തിലുള്ള പ്രതിന്ധിയില്ല. ഒ.പി സമയം നീട്ടിയും അടിയന്തരമല്ലാത്ത ചികിത്സകള്‍ മാറ്റിവെച്ചും തല്‍ക്കാലം മുന്നോട്ടു പോവുകയാണ്. സമരം നടക്കുന്നതറിഞ്ഞ് സംസ്ഥാനത്താകെ മെഡിക്കല്‍ കോളേജുകളില്‍ എത്തുന്ന രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. അതേസമയം മൂന്ന് പ്രധാന ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടു പോവാന്‍ ഇതുവരെ സമരക്കാര്‍ തയാറായിട്ടുമില്ല.