കാണുന്ന സിനിമയ്ക്ക് മാത്രം പണം;
സ്ട്രീമിംഗ് സേവനം അവതരിപ്പിച്ച് ബുക്ക് മൈഷോ
സ്ട്രീമിംഗ് സേവനം അവതരിപ്പിച്ച് പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് സേവനമായ ബുക്ക്‌മൈഷോ. കാണുന്ന സിനിമയ്ക്ക് മാത്രം പണം മുടക്കുന്ന വീഡിയോ ഓണ്‍ ഡിമാന്‍ഡ് സേവനമാണ് ബുക്ക്‌മൈഷോ അവതരിപ്പിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ സ്ട്രീം എന്ന പേരിലാണ് ഈ സംവിധാനം.
ഉപയോഗിക്കുന്ന ഉള്ളടക്കത്തിന് അനുസരിച്ച് പണം ഈടാക്കുന്ന സംവിധാനമാണ് ബുക്ക്മൈഷോ സ്ട്രീം. വര്‍ഷത്തിലോ മാസത്തിലോ വരിസംഖ്യ ഈടാക്കുന്നതാണ് നിലവില്‍ പല വിഡിയോ സ്ട്രീമിംഗ് സേവനങ്ങളുടെയും രീതി. എന്നാല്‍, കാണുന്ന വിഡിയോയ്ക്ക് അനുസരിച്ച് പണം ഈടാക്കുന്ന രീതിയാണ് ബുക്ക്മൈഷോ സ്വീകരിച്ചിരിക്കുന്നത്. ബുക്ക്‌മൈഷോ ആപ്പിലും ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ടിവി അടക്കം വിവിധ പ്ലാറ്റ്‌ഫോമുകളിലും ഈ സേവനം ലഭ്യമാണ്.
ടെനറ്റ്, വണ്ടര്‍ വുമണ്‍ തുടങ്ങി 600 ചിത്രങ്ങളുമായാണ് സേവനം ആരംഭിച്ചത്. സിനിമ വാടകയ്ക്ക് എടുക്കുകയോ വാങ്ങുകയോ ആവാം. വാടകയ്ക്ക് എടുക്കുന്നതിനെക്കാള്‍ കൂടുതല്‍ തുക സിനിമ വാങ്ങാന്‍ ചെലവഴിക്കണം. പല സിനിമകള്‍ക്കും പല തുകയാണ്. സോണി പിക്‌ചേഴ്‌സ്, വാര്‍ണര്‍ ബ്രോസ്, യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് എന്നീ രാജ്യാന്തര സിനിമാ നിര്‍മ്മാണ കമ്പനികളുമായി ബുക്ക്മൈഷോ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.