കോവിഡ് വ്യാപനം: വിദേശ നിക്ഷേപകർ പിൻവാങ്ങുന്നു
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐകൾ) ഇന്ത്യൻ മൂലധന വിപണിയിൽ നിന്നു പിൻവാങ്ങുന്നു. ഈ മാസം ഇതുവരെ 929 കോടി രൂപയാണ് എഫ്പിഐകളുടെ അറ്റ പിൻവലിക്കൽ. കോവിഡിന്‍റെ വ്യാപനം സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനു തടസമാകുമെന്ന ആശങ്കയാണു കാരണം. മാർച്ചിൽ എഫ്പിഐകളിൽ നിന്ന് 17,304 കോടി രൂപയുടെ അറ്റനിക്ഷേപമുണ്ടായിരുന്നു. ഫെബ്രുവരിയിൽ 23,663 കോടിയുടെയും ജനുവരിയിൽ 14,649 കോടിയുടെയും അറ്റ നിക്ഷേപമായിരുന്നു. മറ്റു പ്രമുഖ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ അവസ്ഥ മെച്ചമാണെന്ന ചിന്ത വിദേശ നിക്ഷേപകരെ മൂലധന വിപണിയിലേക്ക് ആകർഷിച്ചു. എന്നാൽ, ഇപ്പോൾ അതിവേഗത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കുകയാണ്.
ഓഹരി വിപണിയിൽ നിന്ന് 740 കോടി രൂപയുടെയും വായ്പാ സെഗ്മെന്‍റിൽ നിന്ന് 189 കോടി രൂപയുടെയും അറ്റ പിൻവലിക്കലാണ് വിദേശ നിക്ഷേപകർ ഈ മാസം ഇതുവരെ നടത്തിയിരിക്കുന്നത്. യുഎസ് ഡോളറുമായുള്ള താരതമ്യത്തിൽ രൂപയുടെ വൻതോതിലുള്ള മുല്യശോഷണവും എഫ്പിഐകളെ പിന്നോട്ടുവലിക്കുന്നു. എമർജിങ് വിപണികളിൽ ഈ മാസം കൂടുതൽ എഫ്പിഐ നിക്ഷേപം ലഭിക്കുന്നത് ദക്ഷിണ കൊറിയയ്ക്കും തായ് വാനുമാണ്.
കോവിഡ് രണ്ടാം തരംഗത്തിന്‍റെ പ്രത്യാഘാതം വ്യക്തമാകും വരെ എഫ്പിഐ നിക്ഷേപം ചാഞ്ചാടിക്കൊണ്ടിരിക്കുമെന്നാണു നിഗമനം. വലിയ തകർച്ച തടയാൻ പ്രമുഖ കമ്പനികളുടെ നാലാം ക്വാർട്ടർ ഫലങ്ങൾ മെച്ചമാവുന്നതു സഹായിക്കും. ടിസിഎസ് നാളെ (ഏപ്രിൽ 12)യും ഇൻഫോസിസ് ഏപ്രിൽ 14നും വിപ്രോ 15നുമാണ് ക്വാർട്ടർ ഫലങ്ങൾ പ്രഖ്യാപിക്കുന്നത്. പ്രതിസന്ധിക്കിടയിലും സമീപനാളുകളിൽ ഐടി മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപത്തിനു സാധ്യതയുണ്ടെന്നാണു നിഗമനം.