സൗഹൃദത്തിന് തിളക്കമേറുന്നു; ഉപരോധത്തിന് ശേഷം
സൗദി കിരീടാവകാശി ആദ്യമായി ഖത്തറിലെത്തി
ദോഹ: ഖത്തറിന് മേല്‍ നിന്നിരുന്ന നാല് വര്‍ഷത്തെ ഉപരോധം അവസാനിച്ചതിന് പിന്നാലെ സൗദി - ഖത്തര്‍ സൗഹൃദത്തിന് തിളക്കമേറുന്നു. ഉപരോധത്തിന് ശേഷം ആദ്യമായി സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ ഖത്തറിലെത്തി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹദമ് അല്‍ഥാനി നേരിട്ടെത്തി സല്‍മാന്‍ രാജകുമാരനെ സ്വീകരിച്ചു.
ഈ മാസം നടക്കാനിരിക്കുന്ന ഗള്‍ഫ് ഉച്ചകോടിക്ക് മുന്നോടിയായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. യുഎഇയും ഒമാനും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഖത്തറിലെത്തിയത്. 2017ല്‍ സൗദി കിരീടാവകാശിയായി ചുമതയലേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഖത്തര്‍ യാത്ര കൂടിയാണിത്. ദോഹയില്‍ ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സൗദി - ഖത്തര്‍ കോഓര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ ആറാം യോഗത്തില്‍ ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും സംയുക്തമായി അധ്യക്ഷത വഹിച്ചു. ഖത്തറിന്റെ ഹൃദ്യമായ സ്വീകരണത്തിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നന്ദി അറിയിച്ചു. സഹോദര രാജ്യങ്ങളായ സൗദിയും ഖത്തറും തമ്മിലുള്ള ബന്ധത്തിന്റെ പുരോഗതിയും വിവിധ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഒപ്പം മറ്റ് പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയമായി. ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷം സൗദി കിരീടാവകാശി ബഹ്‌റൈനും കുവൈത്തും സന്ദര്‍ശിക്കും.
ഖത്തറിന്റെ വിദേശ നയത്തെ കുറ്റപ്പെടുത്തിക്കൊണ്ട് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 ജൂണിലാണ് ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് അതിര്‍ത്തികള്‍ അടയ്ക്കുകയും നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2021 ജനുവരിയിലാണ് ഉപരോധം അവസാനിപ്പിച്ചുകൊണ്ട് നാല് രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. തുടര്‍ന്ന് സൗദി അറേബ്യയും ഈജിപ്തും ഖത്തറില്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പുനര്‍നിയമിച്ചിട്ടുണ്ട്. ബഹ്‌റൈന്‍ ഒഴികെയുള്ള രാജ്യങ്ങളുമായി ഖത്തര്‍ ഇതിനോടകം വാണിജ്യ ബന്ധവും പുനഃസ്ഥാപിച്ചിട്ടുണ്ട്.