വ്യാപാരിക്കെതിരെ എസ്‌ഐയുടെ മകള്‍ നല്‍കിയ പോക്‌സോ പീഡന പരാതി വ്യാജമെന്ന് ക്രൈം ബ്രാഞ്ച്


കണ്ണൂര്‍: പയ്യന്നൂരില്‍ വ്യാപാരിക്കെതിരെ എസ്‌ഐയുടെ മകള്‍ നല്‍കിയ പീഡന പരാതി വ്യാജമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു എസ്‌ഐ, 16കാരിയായ സ്വന്തം മകളെക്കൊണ്ട് ഷമീം എന്നയാള്‍ക്കെതിരെ പോക്‌സോ പരാതി നല്‍കിച്ചത്. എസ്‌ഐയുടെ തെറ്റ് വ്യക്തമായിട്ടും ശിക്ഷ വേണോ എന്നകാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

പോക്‌സോ പരാതി ആയതിനാലാണ് എസ്‌ഐയുടെയും മകളുടെയും പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയാത്തത്. കഴിഞ്ഞ ആഗസ്ത് 19നാണ് കേസിന് കാരണമായ സംഭവം. പയ്യന്നൂര്‍ പെരുമ്പയിലെ ബേക്കറിയില്‍ കേക്ക് വാങ്ങിക്കാനായി എത്തിയ എസ്‌ഐ, തന്റെ കാറ് അടുത്തുള്ള ടയര്‍ സര്‍വ്വീസ് കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടു. സര്‍വ്വീസിനായി എത്തുന്ന മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടായതോടെ കാറ് നീക്കിയിടാന്‍ മാനേജര്‍ ഷമീം ആവശ്യപ്പെടുകയായിരുന്നു.

പിറ്റേന്ന് വൈകുന്നേരം പൊലീസ് യൂണിഫോമില്‍ ജീപ്പുമായി എസ്‌ഐ കടയിലെത്തി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് പറഞ്ഞ് കേസെടുക്കുമെന്ന് വിരട്ടി. എസ്‌ഐക്കെതിരെ ഷമീം എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് വ്യക്തമായതിനാല്‍ എസ്‌ഐയെ സ്ഥലം മാറ്റി. ഇതോടെ സ്വന്തം മകളെ കൊണ്ട് ഷമീമിനെതിരെ പീഡന പരാതി നല്‍കിക്കുകയാണ് എസ്‌ഐ ചെയ്തത്.

അന്ന് എസ്‌ഐ കേക്ക് വാങ്ങുന്നതിനിടെ കാറിലുണ്ടായിരുന്ന മകളെ ഷമീം കയറിപ്പിടിച്ചെന്നായിരുന്നു ആരോപണം. ഇത് വ്യാജ പരാതിയാണെന്ന് ഷമീം എസ്പിയെ കണ്ട് ധരിപ്പിച്ചു. എസ്പി അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാര്‍ രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ ഷമീമിനെതിരെയുള്ള പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് റിപ്പോര്‍ട്ട് നല്‍കി. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും വിശദമായി പരിശോധിച്ചായിരുന്നു ഈ കണ്ടെത്തല്‍.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media