കീവ്: യുദ്ധമുഖത്തുള്ള യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ തിരിച്ചുകൊണ്ടുവരാന്‍ നീക്കം ഊര്‍ജിതമാക്കി ഇന്ത്യ. യുക്രൈനില്‍ നിന്ന് വ്യോമമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ മുടങ്ങിയതിനാല്‍ കരമാര്‍ഗം തൊട്ടടുത്തുള്ള രാജ്യങ്ങളിലേക്ക് എത്തിച്ച് അവിടെ നിന്ന് വ്യോമമാര്‍ഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഇന്ത്യന്‍ എംബസി ആലോചിക്കുന്നത്.
ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് തിരികെ വരണമെങ്കില്‍ പടിഞ്ഞാറന്‍ യുക്രൈനിലേക്ക് വരേണ്ടി വരും. എല്ലാ പൗരന്‍മാരോടും പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എംബസിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള എല്ലാ സാമൂഹ്യമാധ്യമങ്ങളും തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം.
കിഴക്കന്‍ യുക്രൈന്റെ അതിര്‍ത്തിമേഖലകളില്‍ റഷ്യന്‍ സൈനികവ്യൂഹങ്ങളുണ്ട്. പല നഗരങ്ങളിലും കനത്ത ആക്രമണമാണ് നടക്കുന്നത്. അതിനാല്‍ കിഴക്കില്‍ നിന്ന് പരമാവധി മാറി, പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്ക് എത്താനാണ് വിദേശകാര്യമന്ത്രാലയവും എംബസിയും ആവശ്യപ്പെടാന്‍ സാധ്യത.
റോഡ് മാര്‍ഗം അതിര്‍ത്തി കടന്ന് ഈ രാജ്യങ്ങളിലേക്ക് എത്തിച്ചാല്‍ ഇവിടെ നിന്ന് ഇന്ത്യയിലേക്ക് പൗരന്‍മാരെ കൊണ്ടുവരാം. യുക്രൈന്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ മിക്ക രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് മികച്ച നയതന്ത്രബന്ധമുണ്ട്. അതിനാല്‍ അവിടെ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് വിദേശകാര്യമന്ത്രാലയം കണക്കുകൂട്ടുന്നത്.
എന്നാല്‍ യുക്രൈനിലെ പൊതുഗതാഗത സര്‍വീസുകള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. പല ബാങ്കുകളും അടച്ചു. പണം കൈമാറാന്‍ ഒരു വഴിയുമില്ല. എല്ലാ എടിഎമ്മുകളും അടച്ചിട്ടിരിക്കുകയാണ്. പണമായി ഒരു രൂപ പോലും എടുക്കാനാകുന്നില്ല. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനാകില്ല.
എംബസി ഏതെങ്കിലും തരത്തില്‍ വാഹനങ്ങള്‍ സംഘടിപ്പിച്ച് പടിഞ്ഞാറന്‍ യുക്രൈനിലേക്ക് എത്തിക്കാന്‍ സഹായിക്കണമെന്നാണ് പല വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത്. പലരും ഓഫ്‌ലൈന്‍ ക്ലാസുകള്‍ നഷ്ടമാകും എന്ന ഭയത്താലാണ് രാജ്യത്തേക്ക് തിരികെ മടങ്ങാതിരുന്നത്. വലിയ തുക മുടക്കിയാണ് പഠിക്കാനെത്തിയത്. ഇവിടെ നിന്ന് നാട്ടിലേക്ക് പോയാല്‍ പിന്നെ തിരികെ വരുന്നത് ബുദ്ധിമുട്ടാകും. അതിന് വലിയ പണച്ചെലവും വരും. അതിനാല്‍ത്തന്നെ നിരവധി കുട്ടികള്‍ നാട്ടിലേക്ക് മടങ്ങാതെ യുക്രൈനില്‍ത്തന്നെ തുടര്‍ന്നു.
യുദ്ധമുണ്ടാകില്ല എന്ന പ്രതീക്ഷയില്‍ത്തന്നെയായിരുന്നു കുട്ടികളില്‍ പലരും. സമാധാനശ്രമങ്ങള്‍ ലക്ഷ്യം കാണും എന്നാണ് പല ഇന്ത്യന്‍ പൗരന്‍മാരും കരുതിയിരുന്നത്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി സമാധാനചര്‍ച്ചകള്‍ പലതും നടക്കുന്നതിനിടെയും, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുന്നതിനിടെയും പുടിന്‍ അപ്രതീക്ഷിതയുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
യുക്രൈനില്‍ 2320 മലയാളി വിദ്യാര്‍ത്ഥികളുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുന്നത്. ഇവരെ തിരികെ എത്തിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് കത്തെഴുതി. യുക്രൈനിലെ ഒഡേസ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ 200 മലയാളി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവിടെ നിന്ന് ഏതാണ്ട് 700 കിലോമീറ്ററോളം അകലെയുള്ള ഖാര്‍കിവ് നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ 13 മലയാളി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിയിരിക്കുന്നത്. ഒഡേസ തുറമുഖത്ത് ഇന്ന് രാവിലെ റഷ്യ ആക്രമണം തുടങ്ങിയിരുന്നു. സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്നാണ് നോര്‍ക്കയും അറിയിക്കുന്നത്.
വിദ്യാര്‍ത്ഥികളില്‍ പലരും പല എയര്‍ ഇന്ത്യ വിമാനങ്ങളിലായി തിരികെ വരാനിരുന്നവരാണ്. എയര്‍ ഇന്ത്യ വിമാനം ഇറങ്ങേണ്ടിയിരുന്ന ബോറിസ്പില്‍ വിമാനത്താവളത്തില്‍ റഷ്യന്‍ ആക്രമണമുണ്ടായി. ഇത്തരത്തില്‍ ആക്രമണമുണ്ടായേക്കും എന്ന് നേരത്തേ വിവരം ലഭിച്ചതിനാല്‍ നേരത്തേ ദില്ലിയില്‍ നിന്ന് പുറപ്പെട്ട വിമാനം തിരികെ മടങ്ങിയിരുന്നു.
ഇത് വരെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് ഒഴിപ്പിക്കലിനായി യുക്രൈനിലേക്ക് സര്‍വീസ് നടത്തിയത്. യുക്രൈയിനിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഈ ആഴ്ച മൂന്ന് വിമാനങ്ങളാണ് ഇന്ത്യ തയ്യാറാക്കിയിരുന്നത്. ഇതില്‍ ആദ്യ വിമാനം കഴിഞ്ഞ ദിവസം 241 യാത്രക്കാരുമായി തിരികെ എത്തിയിരുന്നു. രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ 7.40-ന് കീവിലേക്ക് പുറപ്പെട്ടിരുന്നെങ്കിലും യുക്രൈന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ, തിരികെ വിളിച്ചു. ഇതോടെ വിമാനത്താവളത്തില്‍ എത്തിയ മലയാളികള്‍ അടക്കം ഉള്ളവര്‍ കുടുങ്ങി.
റഷ്യ പല വിമാനത്താവളങ്ങളില്‍ അടക്കം ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ല. സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരാനാണ് നിലവില്‍ എംബസിയുടെ നിര്‍ദ്ദേശം. തുടര്‍നടപടികള്‍ ഉടന്‍ അറിയിക്കാമെന്നാണ് എംബസി പറയുന്നത്. ഇതിനിടെ, 182 യാത്രക്കാരുമായി കീവില്‍ നിന്ന് പുറപ്പെട്ട യുക്രൈയിന്‍ എയര്‍ലൈന്‍സ് വിമാനം ദില്ലിയില്‍ എത്തി.