അര്‍ജ്ജുന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി



കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുന്‍ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും. നാടിന്റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുന്‍ നിത്യനിദ്രയിലേക്ക് മടങ്ങി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ രാവിലെ 11.20ഓടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്റെ മൃതദേഹം ചിതയിലേക്ക് എടുത്തത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്റെ ചിതയ്ക്ക് തീകൊളുത്തി.

അര്‍ജുന്റെ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ ഒരു നാട് മാത്രമല്ല മലയാളികളൊന്നാകെയാണ് കണ്ണീരണിഞ്ഞത്. അത്രമേല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി അര്‍ജുന്‍ മാറിയിരുന്നു. ഓരോരുത്തരുടെയും കുടുംബത്തിലെ ഒരംഗം നഷ്ടമായ വേദനയാണ് കണ്ണാടിക്കല്‍ എത്തിയവര്‍ പങ്കിട്ടത്. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രയ്ക്കുശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ 'അമരാവതി' എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലന്‍സിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി. മുദ്രാവാക്യം വിളികളോടെ അര്‍ജുനെ നാട് ഏറ്റുവാങ്ങി. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമയം നല്‍കി. പിന്നീട് നാട്ടുകാര്‍ക്കും അര്‍ജുന് ആദരമര്‍പ്പിക്കാനായി പല നാടുകളില്‍ നിന്നെത്തിയവര്‍ക്കുമായി പൊതുദര്‍ശനം നടന്നു. അര്‍ജുന്റെ ലോറി ഉടമ മനാഫ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്തിമോപചാരമര്‍പ്പിച്ചത്. ഈശ്വര്‍ മല്‍പെയും അന്തിമോപചാരമര്‍പ്പിച്ചു.


കേരളത്തിന്റെ ആകെ നൊമ്പരമായാണ് 74 ദിവസങ്ങള്‍ക്ക് ശേഷം അര്‍ജുന്‍ മടങ്ങിയത്. കേരളാ അതിര്‍ത്തിയായ തലപ്പാടി ചെക്ക്‌പോസ്റ്റിലും കാസര്‍കോടും കണ്ണൂരിലും തങ്ങളിതുവരെ കണ്ടിട്ടില്ലെങ്കില്‍ കൂടിയും തീരാ നൊമ്പരമായ പ്രിയപ്പെട്ട അര്‍ജുന് ജനം ആദരാഞ്ജലി അര്‍പ്പിച്ചു.  

 പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വെച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

ഏഴരയ്ക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിലെത്തി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി രാവിലെ ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ വീട്ടിലെത്തിയത്. കേരള, കര്‍ണാടക പൊലീസും വിലാപയാത്രയെ അനുഗമിച്ചിരുന്നു. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും വിലാപയാത്രയ്‌ക്കൊപ്പം അര്‍ജുന്റെ വീട്ടിലെത്തി. മന്ത്രി കെബി ഗണേഷ് കുമാറും അന്തിമോപചാരമര്‍പ്പിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media