പലിശ ഭാരം കൂടില്ല; മൊബൈല്‍, ഇന്റര്‍നെറ്റ്
ബാങ്കിങ്ങിലൂടെ അഞ്ചുലക്ഷം രൂപ വരെ കൈമാറാം
ദില്ലി: ജനങ്ങളുടെ വായ്പാ പലിശ നിരക്ക് ഉയരില്ല. അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. സമ്പദ് വ്യവസ്ഥ ഉണര്‍ത്താന്‍ പുതിയ പ്രഖ്യാപനങ്ങളും. നിലവിലെ നിരക്കുകള്‍ അതേ നിരക്കില്‍ തന്നെ നിലനിര്‍ത്താനാണ് ആര്‍ബിഐ പണ നയ അവലോകന സമിതിയുടെ തീരുമാനം. റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തന്നെ മാറ്റമില്ലാതെ തുടരും. റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനം തന്നെയായിരിക്കും. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം വ്യാക്തമാക്കിയത്. തുടര്‍ച്ചയായ എട്ടാം തവണയാണ് അടിസ്ഥാന നിരക്കുകള്‍ ഒേേര പോലെ നിലനിര്‍ത്തുന്നത്.
എന്‍പിസിഐയുടെ ഐഎംപിഎസ് സേവനങ്ങളുടെ ഇടപാട് പരിധി രണ്ട് ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തി. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് ആപ്പുകള്‍, ബാങ്ക് ശാഖകള്‍, ഐവിആര്‍എസ് തുടങ്ങിയ വിവിധ ചാനലുകളിലൂടെ ഐഎംപിഎസ് പണം ഇടപാടുകള്‍ നടത്താം . ഇങ്ങനെ അഞ്ചു ലക്ഷം രൂപ വരെ ഇനി ട്രാന്‍സ്ഫര്‍ ചെയ്യാം. സുരക്ഷിതമായ പണം ഇടപാടാണിത്. 2010-ലാണ് സംവിധാനം ആരംഭിച്ചത്.
ഇമ്മീഡിയറ്റ് പെയ്‌മെന്റ് സംവിധാനം എന്നതാണ് ഐഎംപിഎസ് സംവിധാനത്തിന്റെ പൂര്‍ണ രൂപം. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ വികസിപ്പിച്ച സംവിധാനത്തിന് കീഴില്‍ നേരത്തെ ഒറ്റത്തവണ രണ്ടു ലക്ഷം രൂപ വരെയാണ് ട്രാന്‍സ്ഫര്‍ ചെയ്യാനായിരുന്നത്. ഇന്റര്‍നെറ്റ് ബാങ്കിങ് അധിഷ്ഠിത സംവിധാനം വഴിയും 24 മണിക്കൂറും പണം ഇടപാടുകള്‍ നടത്താം. അരമണിക്കൂറിനുള്ളില്‍ ഇടപാട് പൂര്‍ത്തിയാകും എന്നതാണ് ഒരു സവിശേഷത.
ഡിജിറ്റല്‍ പണമിടപാടുകള്‍ ഓഫ്‌ലൈനായും ചെയ്യാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന നടപടികള്‍ കൈക്കൊള്ളാന്‍ ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ ഉയരുന്ന സാഹചര്യത്തിലാണിത്.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ അനുമാനം 2021-22 സാമ്പല്‍ 9.5 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 17.2 ശതമാനമായിരിക്കും എന്നാണ് കരുതുന്നത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സംബന്ധിച്ച അനുമാനം 5.7 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമായി കുറച്ചിട്ടുണ്ട്. . ജൂലൈ-സെപ്റ്റംബര്‍ സിപിഐ കാലയളവില്‍ പണപ്പെരുപ്പം 5.1 ശതമാനമായി കുറഞ്ഞു. സാധനങ്ങളുടെ വിലക്കയറ്റം കുറഞ്ഞാല്‍ സാധാരണക്കാര്‍ക്ക് പ്രയോജനമാകും .