'മൊബൈല്‍ ആപ്പ് വഴി വായ്പയെടുക്കരുത്'; പിന്നില്‍ തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി
തിരുവനന്തപുരം: മൊബൈല്‍ ആപ്പുകള്‍ വഴി വായ്പ നല്‍കിയുള്ള തട്ടിപ്പില്‍ നടപടിയുമായി കേരള പോലീസ്. വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്നും അന്വേഷണത്തിന് സിബിഐയുടെയും ഇന്റര്‍പോളിന്റെയും സഹായം തേടുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.മൊബൈല്‍ ആപ്പുകള്‍ വഴി ജനങ്ങള്‍ വായ്പയെടുക്കരുതെന്നും ആപ്പുകള്‍ നിയമവിരുദ്ധമാണെന്നും ഡിജിപി പറഞ്ഞു. ആപ്പുകള്‍ വഴി പെട്ടെന്നു ലഭ്യമാകുന്ന വായ്പയുടെ അമിതമായ പലിശ തിരിച്ചടയ്ക്കാനാകെ നിരവധി പേര്‍ കുടുങ്ങിയതായി വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് പോലീസിന്റെ ഇടപെടല്‍.
റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പുകള്‍ വഴി ചെറിയ തുകകളുടെ വായ്പകള്‍ നല്‍കുന്ന നിരവധി ആപ്പുകളാണുള്ളത്. ചെറിയ തിരിച്ചടവു കാലാവധിയും ഉയര്‍ന്ന പലിശയും പിഴത്തുകയുമുള്ള വായ്പകളെടുത്ത നിരവധി പേരാണ് വെട്ടിലായത്. വന്‍തുകയുടെ ബാധ്യത തിരിച്ചടച്ചില്ലെങ്കില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഫോണിലുള്ള കോണ്ടാക്ട് ലിസ്റ്റ് ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ആളുകളെ അപമാനിക്കുന്നതും പതിവായിരുന്നു. ഇതേത്തുടര്‍ന്ന് ആത്മഹത്യകള്‍ പോലും ഉണ്ടായതോടെ തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പോലീസ് നടപടി കര്‍ശനമാക്കിയിരുന്നു. എന്നാല്‍ ഇതാദ്യമായാണ് കേരളത്തില്‍ ഇത്തരത്തില്‍ അന്വേഷണം തുടങ്ങുന്നത്.
തട്ടിപ്പുകള്‍ക്ക് പിന്നില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘം പ്രവര്‍ത്തിക്കുന്നതായാണ് മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിനോടകം നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. മൊബൈല്‍ ആപ്പുകളിലൂടെയുള്ള വായ്പകളുടെ തിരിച്ചടവുകളുമായി ബന്ധപ്പെട്ട ഫോണ്‍ വിളികളില്‍ മിക്കതും ആന്ധ്രാ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നായതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായവും തേടും.