തിരുവനന്തപുരം: മുന്‍ എടിഎസ് തലവന്‍ ഐജി പി വിജയന് സ്ഥാനക്കയറ്റം. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ സസ്‌പെന്‍ഷനിലായി മാസങ്ങളോളം സേനയ്ക്ക് പുറത്തായിരുന്ന ഇദ്ദേഹത്തിന് തിരിച്ചെടുത്ത ശേഷം സ്ഥാനക്കയറ്റം നല്‍കിയിരുന്നില്ല. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയുടെ യാത്രാവിവരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിനല്‍കിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്ന് വകുപ്പുതല അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് സ്ഥാനക്കയറ്റം നല്‍കിയത്. പൊലീസ് അക്കാദമി ഡയറക്ടറായാണ് പുതിയ നിയമം.
എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതിയുടെ യാത്ര വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ക്രമസമാധാനചുമതലയുള്ള എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഐജി പി വിജയനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ചീഫ് സെക്രട്ടറി രണ്ടു പ്രാവശ്യം ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു. വിജയനെ തിരിച്ചെടുത്ത ശേഷവും സംസ്ഥാന ആഭ്യന്തര സെക്രട്ടറി വകുപ്പ് തല അന്വേഷണം തുടര്‍ന്നു. ഈ റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതോടെയാണ് സര്‍വീസില്‍ ഇപ്പോഴത്തെ സ്ഥാനക്കയറ്റം. ജനുവരിയില്‍ എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കേണ്ട ഉദ്യോഗസ്ഥനായിരുന്നു പി വിജയന്‍.
സംസ്ഥാനത്ത് 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പി വിജയന്‍. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹമാണ് സംസ്ഥാനത്ത് സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. കളമശേരി ബസ് കത്തിക്കല്‍ കേസ്, ശബരിമല തന്ത്രി കേസ്, ചേലേമ്പ്ര ബാങ്ക് കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ അന്വേഷണ സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു.