2023 -ഓടെ പെട്രോള്‍ വില 200 കടന്നേക്കും
ഇന്ത്യയില്‍ 2023-ഓടെ പെട്രോള്‍ വില 200 കടക്കുമെന്ന് ഊര്‍ജ വിദഗ്ദന്‍ നരേന്ദ്ര തനേജ. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നോടെയാകും ഇന്ത്യയില്‍ പെട്രോള്‍ വില ഇരട്ടിയോളമായി മാറുക. വരും മാസങ്ങളിലും ഇന്ധന വില കുത്തനെ കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് നിലവിലെ സ്ഥിതി വിശകലനം ചെയ്താണ് ബിജെപി അനുകൂലി കൂടിയായ നരേന്ദ്ര തനേജ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
വരും മാസങ്ങളില്‍ തന്നെ രാജ്യത്തെ ഇന്ധന വില കുതിച്ചുയരുമെന്ന മുന്നറിയിപ്പാണ് ഊര്‍ജ വിദഗ്ദന്‍ കൂടിയായ നരേന്ദ്ര തനേജ നല്‍കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നത് രാജ്യത്തെ ഇന്ധന വില വര്‍ധിക്കാന്‍ കാരണം ആകുമെന്നാണ് തനേജ വിലയിരുത്തുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ 86 ശതമാനവും രാജ്യം ഇറക്കുമതി ചെയ്യുകയാണ്. ഈ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് അത്രയും വില നിര്‍ണയിക്കാന്‍ ഉള്ള അധികാരം ഇന്ത്യന്‍ സര്‍ക്കാരിന്റെ കയ്യില്‍ അല്ലെന്നും രാജ്യത്തെ സ്വകാര്യ കുത്തകകളുടെ കയ്യില്‍ ആണെന്നും തനെജ ചൂണ്ടിക്കാട്ടി.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ബിജെപി വക്താവ് കൂടിയായ നരേന്ദ്ര തനേജ ആഞ്ഞടിച്ചത്. നിലവില്‍ എണ്‍പത് ഡോളറിനടുത്ത് ഉള്ള ക്രൂഡോയില്‍ വില 2023 ഓടെ നൂറു ഡോളര്‍ പിന്നിടും. ഇതോടെ ഓയില്‍ കമ്പനികള്‍ നിര്‍ണയിക്കുന്ന രാജ്യത്തെ പെട്രോളിന്റെ വില 200ന് മുകളില്‍ ആകും. മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് പെട്രോളിന്റെ വില നിര്‍ണയാധികാരം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത്.
ബി ജെ പി അധികാരത്തില്‍ എത്തിയതോടെ ഡീസല്‍ വില നിര്‍ണയിക്കാന്‍ ഉള്ള അധികാരവും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കി. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കൂടുന്നതോടെ ഇതിന്റെ പ്രതിഫലനം സര്‍വേ മേഖലകളിലും വ്യക്തമാകും. രൂപയുടെ മൂല്യം ഇടിയുന്നത് വഴി രാജ്യത്തെ വ്യവസായങ്ങള്‍ ഉള്‍പ്പടെ സര്‍വേ മേഖലകളിലും തകര്‍ച്ചയും സംഭവിച്ചേക്കാം.