കോഴിക്കോട്: നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമര കൂടാരഞ്ഞിയില്‍ എത്തിയതായി സംശയം. ചെന്താമരയെ കണ്ടെന്ന് നാട്ടുകാര്‍ പൊലീസിന് വിവരം നല്‍കി. മേഖലയിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. ഇന്നലെ വൈകുന്നേരം കാക്കാടം പൊയില്‍ ഭാഗത്ത് കണ്ടെന്നാണ് പറയുന്നത്. കാക്കാടംപൊയില്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുന്നത്.
ചെന്താമരയുടെ കൈയില്‍ മൂന്ന് ഫോണുകളാണ് ഉണ്ടായിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതില്‍ ഒരെണ്ണം പൊട്ടിച്ചുകളഞ്ഞെന്നും മറ്റൊന്ന് സുഹൃത്തിന് കൈമാറിയെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതിനിടെ തിരുവമ്പാടിയിലെ ക്വാറിയില്‍ ചെന്താമര ജോലി ചെയ്തിരുന്നതായി സ്ഥിരീകരിച്ച പൊലീസ് ഇവിടെ ഒപ്പം ജോലി ചെയ്ത സുഹൃത്തിനെ ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ ഒരാഴ്ച മുന്‍പ് വിളിച്ച് ഉടന്‍ തിരുവമ്പാടിയിലേക്ക് വരുമെന്ന് പറഞ്ഞിരുന്നതായി സുഹൃത്ത് മൊഴി നല്‍കിയിട്ടുണ്ട്. പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ബെംഗളൂരുവില്‍ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
തിരുവമ്പാടിയിലെ ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ചെന്താമര. കഴിഞ്ഞ പൊങ്കല്‍ അവധിക്ക് അസുഖ ബാധിതനെന്ന കാരണം പറഞ്ഞ് ഇവിടുത്തെ ജോലി മതിയാക്കി പ്രതി നെന്മാറയിലേക്ക് വരുകയായിരുന്നു. താന്‍ കൊലക്കേസ് പ്രതിയാണെന്ന കാര്യം ഇയാള്‍ ഇവിടെയുള്ള മണികണ്ഠനെന്ന സുഹൃത്തിനോട് മാത്രമാണ് പറഞ്ഞത്. ഇയാള്‍ക്കാണ് ജോലി മതിയാക്കി പോകുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന ഒരു മോട്ടോറോള ഫോണ്‍ ചെന്താമര നല്‍കിയത്. തന്നെ ജീവിക്കാന്‍ അനുവദിക്കാത്തവരെ കൊലപ്പെടുത്തുമെന്ന് ഇയാളോട് ചെന്താമറ പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു. ഈ സുഹൃത്ത് മണികണ്ഠനാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.