പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റു; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ അമരീന്ദര്‍ സിംഗ്


ദില്ലി: പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരണ്‍ജിത് സിംഗ് ചന്നി ചുമതലയേറ്റു. ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനേയും ക്ഷണിച്ചിരുന്നു. എന്നാല്‍,  പ്രതിഷേധിച്ച് അമരീന്ദര്‍ സിംഗ്  ചടങ്ങ് ബഹിഷ്‌ക്കരിച്ചു. 

ഉപമുഖ്യമന്ത്രി പദത്തിലും അവസാന നിമിഷ ട്വിസ്റ്റ് സംഭവിച്ചു. ഉപമുഖ്യമന്ത്രിമാരിലൊരാളായി ഓംപ്രകാശ് സോനി സത്യപ്രതിജ്ഞ ചെയ്തു. ബ്രഹ്‌മ് മൊഹീന്ദ്ര ഉപമുഖ്യമന്ത്രിയാകുമെന്നായിരുന്നു എഐസിസി നേതാക്കള്‍ ട്വീറ്റ് ചെയ്തത്.

മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ നാടകീയ വഴിത്തിരിവാണ് പഞ്ചാബിലുണ്ടായത്. പിന്തുണയും ഹൈക്കമാന്‍ഡ് താല്‍പര്യവും മുന്‍മന്ത്രി സുഖ് ജിന്തര്‍ സിംഗിന് അനുകൂലമായിരുന്നെങ്കിലും പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുള്ള സിദ്ദുവിന്റെ ഇടപെടലാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്. ദളിത് സിഖ് വിഭാഗത്തില്‍  നിന്നുള്ള ചരണ്‍ ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയായാല്‍  35 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകള്‍ അനുകൂലമാകുമെന്ന് സിദ്ദു വാദിച്ചു. തുടര്‍ന്ന്  തീരുമാനം ഹൈക്കമാന്‍ഡ് മാറ്റുകയായിരുന്നു. അമരീന്ദര്‍സിംഗ് സിംഗിനൊപ്പം നിന്ന ചന്നി അധികാരമാറ്റത്തില്‍ സിദ്ദുവിനൊപ്പം ചേരുകയായിരുന്നു.  ഭാവിയില്‍ മുഖ്യമന്ത്രി പദം പ്രതീക്ഷിക്കുന്ന സിദ്ദു മുന്‍ നിര നേതാവല്ലാത്ത ചന്നിയെ രംഗത്തിറക്കി ഇതിനുള്ള സാധ്യത നിലനിര്‍ത്തുകയാണെന്നാണ് സൂചന.

ചന്നിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ അനുകൂലിച്ചത് ആറ് എംഎല്‍മാര്‍ മാത്രമാണെന്ന വിവരവും ഇതിനിടെ പുറത്തു വന്നു. കൂടുതല്‍ എംഎല്‍എമാര്‍ സുനില്‍ ജാഖറിന്റെ പേരാണ് നിര്‍ദ്ദേശിച്ചതെന്നാണ് സൂചനകള്‍. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിനെതിരെ സുനില്‍ ജാഖര്‍ രംഗത്തെത്തിയിട്ടുണ്ട്. സിദ്ദുവിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന പ്രസ്താവന അമ്പരപ്പിച്ചു. മുഖ്യമന്ത്രിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനയാണ് റാവത്ത് നടത്തിയത്. ഉയര്‍ന്ന പദവിയിലിരിക്കുന്നവര്‍ ശ്രദ്ധിച്ച് വേണം ഇത്തരം പ്രസ്താവനകള്‍ നടത്താനെന്നും ജാഖര്‍ പറഞ്ഞു.

അതിനിടെ, അതിര്‍ത്തി സംസ്ഥാനത്ത് അസ്ഥിരത ഉണ്ടാക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി  ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു. തന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് അമരീന്ദര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തു നല്കിയിട്ടുണ്ട്. 

പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ജിത്ത് സിംഗിനെ തെരഞ്ഞെടുത്തതില്‍ കോണ്‍ഗ്രസിനെതിരെ ഒളിയമ്പയുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തെത്തി. കോണ്‍ഗ്രസിന്റേത് വെറും തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് മായാവതി  വിമര്‍ശിച്ചു.  ചെന്നിയെ മുന്‍നിര്‍ത്തിയായിരിക്കില്ല അടുത്ത തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുക. ദളിതരെ വിശ്വാസത്തിലെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും  മായാവതി പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media