കല്‍പ്പറ്റ: കാട്ടില്‍ അകപെട്ടുപോയാല്‍ എങ്ങിനെ രക്ഷപ്പെടാം, അതുവരെ എങ്ങിനെ സുരക്ഷിതമായി നിലകൊള്ളാം, ചതവോ എല്ലു പൊട്ടുകയോ ചെയ്താല്‍ കയ്യിയുള്ള വസ്തുക്കള്‍ കൊണ്ട് എങ്ങിനെ ചികിത്സിക്കാം ഇത്തരം കാര്യങ്ങളിലേക്ക് വെളിച്ചം വീശി വൈല്‍ഡര്‍നെസ് മെഡിസിന്‍ വര്‍ക്ക് ഷോപ്പ്. വയനാട്ടില്‍ നടക്കുന്ന ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവിന്റെ ഭാഗമായാണ് വര്‍ക് ഷോപ്പ് സംഘടിപ്പിക്കപ്പെട്ടത്. ആമേരിക്കയിലെ വൈല്‍ഡര്‍നെസ് മെഡിസിന്‍ വിദഗ്ധയും പീഡിയാട്രിക് അനസ്തറ്റിസ്റ്റുമായ ഡോ. കെറി ക്രിയഡല്‍ വര്‍ക് ഷോപ്പിന് നേതൃത്വം നല്‍കി. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ എമര്‍ജന്‍സി മെഡിസിന്‍ മേധാവി ഡോ. ജോണ്‍സനായിരുന്നു ഏകോപനം.മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിനു സമീപത്തെ കാട്ടരുവിയിലായിരുന്നു വര്ക് ഷോപ്പ് സംഘടിപ്പിക്കപ്പെട്ടത്.
കാട്ടില്‍ അകപ്പെട്ടാല്‍ ഏതൊക്കെ പഴങ്ങളും ഇലകളും ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്താം, കാട്ടിലെ ജലം എങ്ങിനെ ശുദ്ധീകരിച്ച് കുടിക്കാം, ദിശാസൂചിക നോക്കി പുറം ലോകത്തേക്കുള്ള വഴി കണ്ടെത്താം എന്നീകാര്യങ്ങളും വര്‍ക് ഷോപ്പില്‍ പഠിപ്പിച്ചു.പരിക്കേറ്റയാളെ കയ്യിലുള്ള വസ്ത്രങ്ങളും മരക്കമ്പുകളും കൊണ്ട് സ്ട്രച്ചര്‍ ഉണ്ടാക്കി അതില്‍ കിടത്തി ജനവാസ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതും പഠന വിഷയമായിരുന്നു. വിദേശ രാജ്യങ്ങളില്‍ വൈല്‍ഡര്‍നെസ് മെഡിസിനില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുണ്ട്.