സംസ്ഥാനത്ത് 14 പേര്‍ക്കു കൂടി സിക്ക വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചവരില്‍ മിക്കവരും ആരോഗ്യപ്രവര്‍ത്തകര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മിക്കവരും ആരോഗ്യപ്രവര്‍ത്തകരാണ്. ആശങ്ക വേണ്ടെന്നും രോഗം സ്ഥിരീകരിച്ച മിക്ക ആളുകളുടെയും നില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 വയസ്സുകാരിക്കാണ് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഈഡിസ് കൊതുകുകളാണ് സിക്ക വൈറസിന്റെ വ്യാപനത്തിന് കാരണമാകുന്നത്. പകല്‍ സമയങ്ങളിലാണ് ഈ കൊതുകുകള്‍ വ്യാപകമായി കാണപ്പെടുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാനമായും രോഗത്തിന്റെ ലക്ഷണങ്ങള്‍. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.
അതേസമയം സംസ്ഥാനത്ത് സിക്ക വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിച്ചാല്‍ മതിയെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. രോഗം വ്യാപിക്കാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനിക്കാന്‍ ഇന്ന് ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതലയോഗം ചേരും. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ രതീശന്‍, ആരോഗ്യവിദഗ്ധര്ഡ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.