കൊവിഡ് ഇളവ്; സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡെല്‍ഹി: പെരുന്നാള്‍ പ്രമാണിച്ച് കൊവിഡ് നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവ് നല്‍കിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. കോവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവു നല്‍കിയ നടപടിയെ ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമര്‍ശിച്ചു.
ഡി വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ ഒരു ദിവസം ഇളവു നല്‍കിയ നടപടി അനാവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇളവുകള്‍ രോഗവ്യാപനത്തിന് കാരണമായാല്‍ നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പു നല്‍കി.
അതേസമയം കൊവിഡ് കേസുകള്‍ കൃത്യമായി നിരീക്ഷിച്ചാണ് ഇളവുകള്‍ നല്‍കുന്നതെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കി. ടിപിആര്‍ അനുസരിച്ച് മേഖലകള്‍ തിരിച്ചാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. കടകള്‍ തുറക്കാനുള്ള ഇളവുകള്‍ ജൂണ്‍ 15 മുതലേ നല്‍കിയതാണ്
ഹര്‍ജിക്കാരന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ വാദിച്ചു.
അതേസമയം, ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് മേല്‍ ഒരു സമ്മര്‍ദ ഗ്രൂപ്പിനും മതപരമായാലും അല്ലെങ്കിലും ചെലുത്താനാവില്ലെന്ന് കോടതി പറഞ്ഞു. മഹാമാരിയുടെ ഈ കാലത്ത് സമ്മര്‍ദത്തിന് വഴങ്ങുന്നത് ദയനീയമായ അവസ്ഥയാണെന്ന് കോടതി പറഞ്ഞു.