മോഡലുകളുടെ മരണം : സിനിമാ മേഖലയിലെ പ്രമുഖരും സംശയത്തിന്റെ നിഴലില്‍ 



കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍. സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്കയക്കും. ഡി.വി.ആറില്‍ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സിനിമാമേഖലയിലെ ചില പ്രമുഖര്‍ ഈ ഹോട്ടലില്‍ അപകടദിവസം തങ്ങിയതായി വിവരമുണ്ട്. മിസ് കേരളയടക്കമുള്ള സംഘത്തോട് പാര്‍ട്ടിയില്‍വെച്ച് ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടതായി പൊലീസ് സംശയിക്കുന്നു. പ്രശ്നം പറഞ്ഞുതീര്‍ക്കാനാണ് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരം ഓഡി കാര്‍ പിന്തുടര്‍ന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

അതിനിടെ സി.സി.ടി.വി. ദൃശ്യങ്ങളുള്ള ഡി.വി.ആര്‍. മാറ്റിയത് എക്സൈസിനെ ഭയന്നിട്ടാണെന്ന് ഹോട്ടലുടമ റോയി പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഹോട്ടലിന് പുറത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ മാറ്റിയത് എന്തിനെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിലെ ഡ്രൈവര്‍ സൈജു സുഹൃത്താണ്. അപകടം നടന്ന വിവരം ഇയാള്‍ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നെന്നും റോയി മൊഴി നല്‍കി. കൊച്ചിയില്‍ മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലില്‍ മോശമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ലഭ്യമായ ദൃശ്യങ്ങള്‍ വച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് തുടങ്ങിയതായി പൊലീസ് അറിയിച്ചു.

ഡി.ജെ പാര്‍ട്ടിയില്‍ ഏകദേശം 20 പേര്‍ പങ്കെടുത്തതായാണ് വിവരം. ചിലരെ പറ്റിയുള്ള വിവരങ്ങള്‍ ഹോട്ടല്‍ അധികൃതര്‍ മറച്ച് വയ്ക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ഒക്ടോബര്‍ 31, നവംബര്‍ 1 തിയതികളിലെ ബില്‍ ബുക്ക് പരിശോധിക്കൊനൊരുങ്ങുകയാണ് പൊലീസ്.
ഹോട്ടലിലെ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ റോയ് ടെക്നീഷ്യന്റെ സഹായം തേടിയതായി പൊലീസിന് വിവരം ലഭിച്ചു. വാട്സപ്പ് കോളില്‍ ടെക്നീഷ്യനെ വിളിച്ചതിന്റെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഹോട്ടലില്‍ തര്‍ക്കമുണ്ടായപ്പോള്‍ റോയിയും സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഡിജെ പാര്‍ട്ടി നടന്ന ഹാളിലും പാര്‍ക്കിങ് ഏരിയയിലും വച്ച് വാക്കുതര്‍ക്കം ഉണ്ടായിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി പൊലീസ് ഇന്നലെ പറഞ്ഞിരുന്നു. 
മോഡലുകളായ അന്‍സി കബീറും, അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടല്‍ വിട്ടത് ഇതിനാലാകാമെന്നാണ് പൊലീസ് നിഗമനം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് അപകടം നടന്ന സ്ഥലം വരെ രണ്ട് കാറുകള്‍ ഇവരെ പിന്തുടര്‍ന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോര്‍ട്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media