ബിറ്റ്‌കോയിന് വീണ്ടും മൂല്യം കൂടി
ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന് വിപണി മൂല്യം കൂടി. ശനിയാഴ്ച്ച 5.6 ശതമാനം ഉയര്‍ന്ന് 39,959 ഡോളറിലാണ് ബിറ്റ്‌കോയിന്‍ നിരക്ക് രേഖപ്പെടുത്തിയത് . ജനുവരി ആദ്യവാരം 42,000 ഡോളര്‍ വരെ കുതിച്ച ശേഷം ബിറ്റ്‌കോയിന്റെ വില താഴോട്ട് പോയിരുന്നു. മൂല്യം വീണ്ടും 40,000 ഡോളര്‍ നിലവാരത്തിലേക്ക് തിരികെയെത്താനുള്ള പുറപ്പാടിലാണ് ബിറ്റ്‌കോയിന്‍. വിപണിയിലെ വിദഗ്ധരുടെ കണക്കുപ്രകാരം ഇന്റര്‍നെറ്റ് ലോകത്ത് 6,000 -ത്തില്‍പ്പരം ക്രിപ്‌റ്റോകറന്‍സികളുണ്ട്. ഇവ സംയുക്തമായി 1.23 ലക്ഷം കോടി ഡോളര്‍ മൂല്യമാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത് .
ഈ ആഴ്ച്ച മാത്രം 22 ശതമാനത്തോളം നേട്ടം കുറിക്കാന്‍ ലോകത്തെ ഏറ്റവും പ്രചാരമേറിയ ക്രിപ്‌റ്റോകറന്‍സിക്ക് സാധിച്ചിട്ടുണ്ട്. ബിറ്റ്‌കോയിന്‍ വില 50,000 ഡോളര്‍ പിന്നിടാന്‍ ഏറെ വൈകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. ഇന്ത്യയില്‍ ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ വിലക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇവയ്ക്ക് പകരം റിസര്‍വ് ബാങ്കിന്റെ പുതിയ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി രാജ്യത്ത് പ്രാബല്യത്തില്‍ വരും. നിലവില്‍ ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോകറന്‍സികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇന്ത്യയില്‍ നിയമപരമായ ചട്ടക്കൂടില്ല. ബിറ്റ്കോയിന് മൂല്യം കുതിച്ചുയരുമ്പോള്‍ ബിറ്റ്‌കോയിനിലേക്ക് ആകൃഷ്ടരാവുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇതേതുടർന്ന് നിരോധനം വന്നാല്‍ ബിറ്റ്കോയിന്‍, ഇഥര്‍, റിപ്പിള്‍ തുടങ്ങിയ ക്രിപ്റ്റോകറന്‍സികളുടെ ഇടപാട് ഇന്ത്യയില്‍ നടക്കില്ല. ഇന്ത്യയില്‍ പ്രമുഖ വ്യക്തികള്‍ക്കെല്ലാം ബിറ്റ്‌കോയിനില്‍ നിക്ഷേപമുണ്ടെന്നാണ് സൂചന. രാജ്യത്ത് പ്രതിവര്‍ഷം 40,000 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിലവില്‍ സ്വര്‍ണത്തെയാണ് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി കരുതുന്നത്. എന്നാല്‍ വൈകാതെ ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിനും ഈ ഗണത്തിലേക്ക് ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വില യിരുത്തുന്നത്.