ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വാക്‌സിനേഷന്‍ അംഗീകരിക്കില്ലെന്ന് ബ്രിട്ടന്‍
ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കടുത്ത തിരിച്ചടിയായി യുകെയുടെ പുതുക്കിയ യാത്രാച്ചട്ടം. ഇന്ത്യയില്‍ നിന്നും കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ രാജ്യത്തെത്തിയാല്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം. യാത്ര ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുന്‍പും യുകെയില്‍ എത്തി രണ്ടാം ദിവസം എട്ടാം ദിവസവും കൊവിഡ് പരിശോധനകള്‍ക്ക് വിധേയമാകണമെന്നുമാണ് നിര്‍ദേശം.
പുതുക്കിയ യാത്രാച്ചട്ടം ഒക്ടോബര്‍ നാലിന് പുലര്‍ച്ചെ നാല് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യയെ കൂടാതെ ആഫ്രിക്ക, തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ രാജ്യങ്ങള്‍, യുഎഇ, തുര്‍ക്കി, തായ്‌ലന്‍ഡ്, ജോര്‍ദാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ക്കും ഈ നിയമം ബാധകമാണ്. ബ്രിട്ടീഷ് വാര്‍ത്താ വിശകലന വിദഗ്ധനായ അലക്‌സ് മാക്കിറസാണ് യുകെ സര്‍ക്കാരിന്റെ പുതിയ യാത്രാച്ചട്ടം ട്വീറ്റ് ചെയ്തതിന് പിന്നാലെ വിവാദം തുടരുകയാണ്. ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ മാത്രം അംഗീകാരം നല്‍കാത്ത നടപടിയാണിതെന്ന ആരോപണമാണ് ഉയരുന്നത്.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് യുകെയില്‍ എത്തിയാലും വാക്‌സിന്‍ എടുക്കാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന തരത്തിലുള്ള നിര്‍ദേശമാണ് യുകെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. അസ്ട്രാസെനക വാക്‌സിന്‍ എടുത്ത യൂറോപ്പ്, യുഎസ് എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനും കൊവിഡ് പരിശോധനയും ഇല്ലാതിരിക്കുകയും ഇന്ത്യന്‍ വാക്‌സിനായ കൊവിഷീല്‍ഡിനെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന നടപടിയാണ് യുകെയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.
ബ്രിട്ടനിലെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് - സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനകയും ചേര്‍ന്ന് പുനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുകയും ചെയ്യുന്ന കൊവിഷീല്‍ഡ് വാക്‌സിനെയാണ് യുകെ അംഗീകരിക്കാതിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത കൊവിഷീല്‍ഡ് യുകെയില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന പ്രത്യേകതയുമുണ്ട്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഈ പ്രശ്‌നം നയതന്ത്ര തലത്തില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്ത് അധികമുള്ള കൊവിഡ് വാക്‌സിന്‍ കയറ്റുമതി ചെയ്യാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോഴാണ് യുകെയുടെ വിവാദമായ യാത്രാച്ചട്ടം പുറത്തുവന്നത്. 'വാക്‌സിന്‍ മൈത്രി' പദ്ധതിപ്രകാരമാണ് ഇന്ത്യ അധികമുള്ള വാക്‌സിന്‍ ഒക്ടോബര്‍ മുതല്‍ കയറ്റുമതി ചെയ്യുന്നത്. ആഗോളതലത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്ന കൊവാക്‌സ് ദൗത്യത്തിലേക്ക് ഇന്ത്യ നല്‍കേണ്ട സംഭാവന തികയ്ക്കുന്നതിന് കൂടിയാണ് കയറ്റുമതി. വാക്‌സിന്‍ കയറ്റുമതി ചെയ്യുമെങ്കിലും വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കുക രാജ്യത്തെ പൗരന്മാര്‍ക്ക് തന്നെയായിരിക്കുമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ തിങ്കളാഴ്ച വ്യക്തമാക്കി.
ഒക്ടോബറില്‍ 30 കോടിയും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 100 കൊടിയും ഡോസ് വാക്‌സിന്‍ സര്‍ക്കാരിന് ലഭിക്കും. രാജ്യത്ത് ഇതുവരെ 81 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ പത്തുകോടി ഡോസ് കഴിഞ്ഞ പതിനൊന്ന് ദിവസം കൊണ്ടാണ് നല്‍കിയത്. മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന വിധത്തിലാണ് രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നടക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.