സൗദിയില്‍ സ്‌കൂളുകള്‍ തുറക്കുന്നു; വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് പ്രവേശനമില്ല
റിയാദ്: ഈ മാസം 29 മുതല്‍ സൗദി അറേബ്യയില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇതുമായി ബന്ധപ്പെട്ടുളള ഒരുക്കങ്ങള്‍ രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും പൂര്‍ത്തിയായി. കോവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം അടച്ചിട്ട ശേഷമാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളും കര്‍ശന നിര്‍ദേശങ്ങളുമാണ് വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയിരിക്കുന്നത്. 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.
പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികള്‍ വാക്‌സിന്‍ സ്വീകരിക്കണം. വാക്‌സീന്‍ സ്വീകരിക്കാത്തവരെ സ്‌കൂളില്‍ പ്രവേശിപ്പിക്കില്ല. ഹാജരും ലഭിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഹൈസ്‌കൂള്‍, സെക്കന്‍ഡറി സ്‌കൂള്‍, കോളജ്, ടെക്‌നിക്കല്‍ സ്‌കൂള്‍, പോളി ടെക്‌നിക് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് തുറക്കുന്നത്. കര്‍ശനമായ ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ചാണ് ക്ലാസുകള്‍ വീണ്ടും ആരംഭിക്കുന്നത്. സ്‌കൂളുകളിലും കോളേജുകളിലും നടപ്പാക്കേണ്ട പ്രോട്ടോകോളുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുവെന്ന് ഉറപ്പ് വരുത്താന്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.