കോഴിക്കോട് : ഏഴു പതിറ്റാണ്ടിലേറെ മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞ അക്ഷര സുകൃതം എം.ടി വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക് ആവാഹിച്ച പ്രതിഭക്ക് യാത്രാമൊഴിയേകാനൊരുങ്ങുകയാണ് കേരളം. കോഴിക്കോട് കൊട്ടാരം റോഡിലെ സ്വന്തം വീട് 'സിത്താര'യില്‍ വൈകിട്ട് 3 മണി വരെ അന്തിമോപചാരം അര്‍പ്പിക്കാം. എംടിയുടെ ആഗ്രഹ പ്രകാരം പൊതുദര്‍ശനം ഇല്ലാതെയാകും അവസാന യാത്ര. സംസ്‌കാരം 4 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര പ്രവര്‍ത്തകരും അടക്കം ആയിരങ്ങളാണ് അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ 'സിതാര'യിലേക്ക് എത്തുന്നത്. പുലര്‍ച്ചെ 5 മണിയോടെ നടന്‍ മോഹന്‍ലാല്‍ 'സിത്താര'യിലെത്തി പ്രിയ എഴുത്തുകാരന് ആദരമര്‍പ്പിച്ചു. ബന്ധുക്കളെ ആശ്വസിപ്പിച്ച മോഹന്‍ലാല്‍, ഇരുവരും തമ്മിലുള്ള ഹൃദയബന്ധം ഓര്‍ത്തെടുത്തു. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. എംടിയുടെ പ്രിയ സംവിധായകന്‍ ഹരിഹരനും വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. നടന്‍ വിനീത്, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, അബ്ദുള്‍ സമദ് സമദാനി എംപി, സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ അടക്കം നേരിട്ടെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കം ദേശീയ നേതാക്കള്‍ എംടി വാസുദേവന്‍ നായരെ അനുസ്മരിച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുകള്‍ പങ്കുവെച്ചു. മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടിയെന്നും അദ്ദേഹത്തിന്റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. എംടിയുടെ നിര്യാണം നികത്താവാത്ത ശൂന്യതയാണ് സാഹിത്യത്തിലും സിനിമയിലും ഉണ്ടാക്കുകയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.
എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റി. കെപിസിസിയും 2 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.
ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് പത്തു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലിരിക്കെയാണ് എംടി വാസുദേവന്‍ നായരുടെ വിയോഗം. ഈ മാസം 15 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഹൃദയാഘാതമാണ് മരണ കാരണം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു.