വയനാട്: വയനാട് ടൂറിസം വികസനത്തിന്റെ ഭാഗമായി 1000 ബൈക്ക് റൈഡര്‍മാര്‍ ഒന്നിച്ച് 80 കിലോമീറ്റര്‍ ദൂരം റൈഡ് നടത്തിയതോടെ പിറന്നത് പുതിയ വേള്‍ഡ് റെക്കോര്‍ഡ്. ഡിസംബര്‍ ഒന്നിനാണ് 1000 റൈഡര്‍മാര്‍ ഇന്ത്യയിലെ ഏറ്റവും വലിയ റിസോര്‍ട്ട് ആന്റ് എന്റര്‍ടൈന്‍മെന്റ് പാര്‍ക്കുകളിലൊന്നായ വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ നിന്ന് ഗുണ്ടല്‍പേട്ടിലേക്ക് റൈഡ് നടത്തിയത്. വയനാട് ടൂറിസത്തിന് പുത്തന്‍ ഉണര്‍വേകാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ക്ലബ്ബും പെഡ്ലോക്ക് മോട്ടോര്‍ സ്‌പോര്‍ട്ടും ചേര്‍ന്ന് 'സെര്‍വോ യൂത്ത്ഫുള്‍ വയനാട് 1000 റൈഡേഴ്സ് ടു ബോചെ 1000 ഏക്കര്‍' എന്ന പേരില്‍ നടത്തിയ ഈ യാത്രയാണ് കലാം വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്.
രാവിലെ 9 മണിക്ക് ആരംഭിച്ച ബൈക്ക് റാലിയില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രമുഖ ബൈക്ക് റൈഡര്‍മാര്‍ പങ്കെടുത്തു. റാലി ബോചെ ഫ്‌ളാഗ് ഓഫ് ചെയ്തു. 1000 റൈഡര്‍മാര്‍ ഒരുമിച്ച് 80 കിലോമീറ്റര്‍ പിന്നിട്ട് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഗുണ്ടല്‍പേട്ടില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ റൈഡര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.കൂടാതെ റൈഡില്‍ പങ്കെടുത്തവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലിക്ക് 10 ലക്ഷം രൂപ വിലവരുന്ന സൂപ്പര്‍ബൈക്ക് സമ്മാനമായി നല്‍കും. യുവാക്കളുടെ നിറഞ്ഞ പങ്കാളിത്തത്തോടെ നടന്ന ഈ പരിപാടി കൂടുതല്‍ സഞ്ചാരികളെ വയനാട്ടിലേക്ക് തീര്‍ച്ചയായും ആകര്‍ഷിക്കുമെന്ന് ബോചെ അഭിപ്രായപ്പെട്ടു. ജനപ്രതിനിധികള്‍, പോലീസ് ഓഫീസര്‍മാര്‍, മറ്റ് അധികാരികള്‍ മാധ്യമപ്രവര്‍ത്തകര്‍, വയനാട്ടിലെ ജനങ്ങള്‍ എന്നിങ്ങനെ ഈ പരിപാടി വന്‍ വിജയത്തിലേക്കെത്തിക്കാന്‍ സഹായിച്ച ഏവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു
റൈഡിനോടനുബന്ധിച്ച് നവംബര്‍ 30ന് ബോചെ 1000 ഏക്കറില്‍ അഡ്വഞ്ചര്‍ ഓഫ് റോഡ് റൈഡുകള്‍, ആര്‍സി മോട്ടോര്‍ ഷോ, ട്രഷര്‍ ഹണ്ട്, സ്റ്റേജ് പ്രോഗ്രാമുകള്‍, ലൈവ് ഡി ജെ, യോഗ, സുംബാ, ജംഗിള്‍ സഫാരി തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറിയിരുന്നു. ഇതോടൊപ്പം കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വേള്‍ഡ് റെക്കോര്‍ഡിന് വേണ്ടി ബൈക്കുകള്‍ കൊണ്ട് 'ബോചെ' എന്ന അക്ഷരങ്ങള്‍ക്ക് രൂപം കൊടുത്തുകൊണ്ടുള്ള ബൈക്കോഗ്രാഫിയും നടന്നു.