ഏഷ്യയിലെ രണ്ടാമത്തെ ധനികന്‍ അദാനി
ചൈനയിലെ ജലരാജാവിനെ കടത്തി വെട്ടി
ദില്ലി: ഏഷ്യയിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി മാറി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡെക്‌സ് അനുസരിച്ച് അദാനിയുടെ മൊത്തം ആസ്തി 66.5 ബില്യണ്‍ (48 ലക്ഷം കോടി രൂപ) ഡോളറാണ്. ചൈനയുടെ വാട്ടര്‍മാന്‍ എന്നറിയപ്പെടുന്ന ഷോങ് ഷന്‍ഷാനെ കടത്തിയാണ് അദാനി ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ആദ്യത്തെ രണ്ട് സ്ഥാനത്തും ഇന്ത്യക്കാര്‍ ഇടംനേടിയിരിക്കുകയാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. ഫെബ്രുവരിയില്‍ ഷോങ് ഷന്‍ഷാനെ കടത്തി തന്നെയായിരുന്നു മുകേഷ് അംബാനി തന്റെ സമ്പന്ന പദവി തിരിച്ചുപിടിച്ചത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരി വില കുതിച്ചുയര്‍ന്നതോടെയാണ് അദാനിയുടെ സമ്പത്തിലും വര്‍ധനയുണ്ടായത്. ഈ വര്‍ഷം ഇതുവരെ 32.7 ബില്യണ്‍ ഡോളറില്‍ നിന്ന് 33.8 ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് അദാനിയുടെ ആസ്തിയില്‍ ഉണ്ടായത്.
അദാനിയുടെ ഗ്രൂപ്പ് കമ്പനികളായ അദാനി ഗ്രീന്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികളാണ് ഒരുവര്‍ഷം കൊണ്ട് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദാനി ടോട്ടല്‍ ഗ്യാസ് 1145 ശതമാനം വളര്‍ച്ചയാണ് നേടിയത്. അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍ ഓഹരികള്‍ യഥാക്രമം 827 ശതമാനവും 617 ശതമാനവും വര്‍ധിച്ചു. അഡാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍ എന്നിവ യഥാക്രമം 433 ശതമാനവും 189 ശതമാനവും ലാഭം നേടി. അദാനി പവര്‍ 142 ശതമാനം വളര്‍ച്ചയാണ് നേടിയത്.
തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, ഊര്‍ജ്ജം, വിഭവങ്ങള്‍, ലോജിസ്റ്റിക്‌സ്, അഗ്രിബിസിനസ്സ്, റിയല്‍ എസ്റ്റേറ്റ്, ധനകാര്യ സേവനങ്ങള്‍, ഗ്യാസ് വിതരണം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ കോടികളുടെ നിക്ഷേപമാണ് ഗൗതം അദാനിക്കുള്ളത്. സെപ്റ്റംബറില്‍ ജിവികെ ഗ്രൂപ്പില്‍ നിന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
ഇതുകൂടാതെ വരാനിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒരു നിയന്ത്രണ ഓഹരിയും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു, ജയ്പൂര്‍, തിരുവനന്തപുരം, ഗുവാഹത്തി എന്നിവിടങ്ങളിലെ സ്വകാര്യ വിമാനത്താവളങ്ങളുടെ 50 വര്‍ഷത്തെ പ്രവര്‍ത്തന കമ്പനി നേടിയെടുത്തിട്ടുണ്ട്.
അതേസമയം ചൈനയിലെ കുപ്പിവെള്ള രാജാവായ ഷോങ് ഷാന്‍ഷാന് ഈ വര്‍ഷം ഇതുവരെ സമ്പത്തില്‍ നിന്ന് 14.6 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. 2020 ഡിസംബര്‍ അവസാനംവരെ മുകേഷ് അംബാനിയില്‍ നിന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നമായ പദവി അദ്ദേഹം നേടിയിരുന്നു. 2021 ന്റെ തുടക്കത്തില്‍ വാറന്‍ ബഫറ്റിനെ മറികടന്ന് ഭൂമിയിലെ ആറാമത്തെ സമ്പന്ന വ്യക്തിയായും അദ്ദേഹം മാറിയിരുന്നു.
കൊവിഡ് വാക്സിന്‍ നിര്‍മാണത്തില്‍ പങ്കാളികളായ മരുന്ന് കമ്പനിയായ ബീജിങ് വാണ്ടായ് ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസ് കോര്‍പറേഷന്‍, കുപ്പിവെള്ള നിര്‍മ്മാതാക്കളായ നോങ്ഫു സ്പ്രിംഗ് എന്നിവയാണ് ഷോങ് ഷന്‍ഷാന്റെ രണ്ട് ബിസിനസ് സംരംഭങ്ങള്‍.