ദില്ലി: യുക്രൈനില്‍ നിന്ന് സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക് കൂടുതല്‍ പേര്‍. റൊമേനിയയില്‍ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ദില്ലിയില്‍ എത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 12 പേര്‍ മലയാളികളാണ്.മലയാളികള്‍ വിസ്താര, എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ദില്ലിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങും. ആറ് പേരാണ് വൈകിട്ട് 5.20 ന് കൊച്ചിയിലെത്തുന്ന എയര്‍ ഇന്ത്യ ഫ്‌ലൈറ്റില്‍ കേരളത്തിലേക്ക് എത്തുക. തിരുവനന്തപുരത്തേക്ക് 5 പേരും കോഴിക്കോടേക്കും ഒരാളുമാണുള്ളത്. തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം രാത്രി 8.30 ക്ക് എത്തും. 7.30 ക്ക് എത്തുന്ന ഇന്‍ഡിഗോ വിമാനത്തിലാകും കോഴിക്കോട് സ്വദേശിയെത്തുക. ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരില്‍ 93 പേര്‍ മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളില്‍ 7 വിമാനങ്ങള്‍ കൂടി രക്ഷാദൌത്യത്തിന്റെ ഭാഗമാകും.
യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ വലയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേര്‍ന്നു. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൌരന്‍മാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു യോഗത്തിലെ തീരുമാനം. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ യോഗം രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാന്‍ എന്തൊക്കെ കാര്യം ചെയ്യണമെന്ന് യോഗം ചര്‍ച്ച ചെയ്കു. രക്ഷാ ദൗത്യം എങ്ങനെ പുരോഗമിക്കുന്നുവെന്നതും യോഗം വിലയിരുത്തി. വിവിധ മുഖ്യമന്ത്രിമാര്‍ നല്‍കിയ കത്തുകളും യോഗത്തില്‍ ചര്‍ച്ചയായി. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ ലോക രാജ്യങ്ങളുടെ സഹകരണം തേടാന്‍ തീരുമാനിച്ചു. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയാകും എന്നതും യോഗം ചര്‍ച്ച ചെയ്തു. കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി.
യുദ്ധം ആരംഭിച്ച ശേഷം യുക്രൈനില്‍ കുടുങ്ങിയ 82 വിദ്യാര്‍ഥികള്‍ ഇന്നലെ കേരളത്തിലെത്തി. ഡല്‍ഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തിയത്. കൊച്ചിയിലെത്തിയ ആദ്യ സംഘത്തില്‍ പതിനൊന്നു പേരാണ് ഉള്‍പ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് വൈകുന്നേരം ആറരയോടെ 19 പേരും രാത്രി എട്ടരയോടെ ആറു പേരും വിമാനമിറങ്ങി. നെടുമ്പാശ്ശേരിയില്‍ മന്ത്രി പി രാജീവും തിരുവനന്തപുരത്ത് മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍, എന്നിവരും വിദ്യാര്‍ഥികളെ സ്വീകരിച്ചു. തിരിച്ചെത്തിയതില്‍ ആശ്വാസമുണ്ടെന്നും എന്നാല്‍ എല്ലാവരും നാട്ടിലെത്തിയെന്നറിഞ്ഞാല്‍ മാത്രമേ സന്തോഷിക്കാനാകൂവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.