തിരുവനന്തപുരം: നീറ്റ് പരീക്ഷ (NEET Exam) നടത്തിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ചട്ടങ്ങളില്‍ അടിവസ്ത്രങ്ങളെ കുറിച്ച് പ്രത്യേകിച്ച് നിര്‍ദ്ദേശങ്ങളൊന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നല്‍കിയിട്ടില്ല. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ആണ് നീറ്റ് പരീക്ഷ നടത്തുന്നത്. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഡ്രസ് കോഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇക്കാര്യം വിദ്യാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കും. മെറ്റല്‍ ഹുക്കുകള്‍ ഉള്ളത് കൊണ്ടാണ്, കൊല്ലത്തെ പരീക്ഷ കേന്ദ്രത്തില്‍ പെണ്‍കുട്ടികളോട് അടിവസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഡ്രസ് കോഡ് നിബന്ധനകളില്‍ വസ്ത്രങ്ങളിലെ മെറ്റല്‍ ഹുക്കുകളെക്കുറിച്ച് നിബന്ധന ഇല്ല.
ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങളില്‍ അനുവദിക്കില്ല. ഫുള്‍സ്ലീവ് വസ്ത്രധാരണം മതവിശ്വാസം മൂലമോ മറ്റോ ഒഴിവാക്കാനാകാത്തതാണെങ്കില്‍, ഉദ്യോഗാര്‍ത്ഥി പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. അതുപോലെ തന്നെ ഹീലുള്ള പാദരക്ഷകള്‍ അനുവദനീയമല്ല. ഉദ്യോഗാര്‍ത്ഥികള്‍ ആഭരണങ്ങള്‍ ധരിക്കരുത്. വലിയ ബട്ടണുകളുള്ള വസ്ത്രങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ഉദ്യോഗാര്‍ത്ഥികളെ പരിശോധിക്കുന്ന ജീവനക്കാര്‍ക്ക് മിക്കപ്പോഴും പരീക്ഷാ നടത്തിപ്പില്‍ പരിചയമോ പരിശീലനമോ ഉണ്ടായിരിക്കില്ല. ദേശീയതലത്തില്‍ പരീക്ഷാ നടത്തിപ്പിനായി എന്‍ടിഎ സ്വകാര്യ ഏജന്‍സികളെ നിയോഗിക്കും. സംസ്ഥാന-ജില്ലാ തലങ്ങളിലുള്ള ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കുകയാണ് എന്‍ടിഎ ചെയ്യുന്നത്. കരാര്‍ ജീവനക്കാരെയാണ് ഇതിനായി നിയോഗിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളായി ലിസ്റ്റുചെയ്തിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷാ നടത്തിപ്പിന് അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ പിന്തുണയും നല്‍കും