വ്യവസായങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ എളുപ്പത്തില്‍ ലഭ്യമാകാനുള്ള നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം
തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ എളുപ്പത്തില്‍ ലഭ്യമാകാനുള്ള നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. 2014ലെ ഇലക്ട്രിസിറ്റി സപ്ലൈകോഡ്, കേരള ലിഫ്റ്റ്‌സ് ആന്‍ഡ് എസ്‌കലേറ്റേഴ്‌സ് റൂള്‍സ്, കേരള സിനിമ റെഗുലേഷന്‍ റൂള്‍ എന്നീ സര്‍ക്കാര്‍ ഉത്തരവുകളാണ് ഭേദഗതി ചെയ്യാന്‍
ഒരുങ്ങുന്നത്. കേന്ദ്ര വൈദ്യുതി നിയമത്തിന്റെ ചില ചട്ടങ്ങളും ഭേദഗതി ചെയ്യേണ്ടിവരും.
നിര്‍ദേശങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം
*പുതിയ കണക്ഷന്‍ കിട്ടാന്‍ ഇപ്പോള്‍ തദ്ദേശസ്ഥാപനങ്ങളില്‍നിന്നോ റവന്യൂ വകുപ്പില്‍നിന്നോ ഉടമസ്ഥാവകാശത്തെപ്പറ്റിയുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ഇതിനു പകരം വില്‍പ്പനക്കരാറോ മറ്റ് തിരിച്ചറിയല്‍ രേഖകളോ സ്വീകരിക്കാമെന്നാണു നിര്‍ദേശം. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഇത് ഗുണകരമാവും.
*ലൈനിന്റെ നീളവും വേണ്ടിവരുന്ന പോസ്റ്റിന്റെ എണ്ണവും ഉള്‍പ്പെടെയുള്ളവയുടെ ചെലവ് കണക്കാക്കിയാണ് ഇപ്പോള്‍ പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കുന്നത്. ഇതിനുപകരം റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിക്കുന്ന തുകയൊടുക്കണം. ഈ നയംമാറ്റം ഗാര്‍ഹിക കണക്ഷനെടുക്കുന്നത് അനായാസമാക്കും.
*വ്യവസായ ഉപഭോക്താക്കള്‍ ഇപ്പോള്‍ കണക്ഷന്‍ സംബന്ധിച്ച് വൈദ്യുതി ബോര്‍ഡുമായി കരാറില്‍ ഏര്‍പ്പെടണം. കരാര്‍ ലംഘിച്ചാല്‍ പിഴയൊടുക്കണം. ഈ കരാര്‍ സമ്പ്രദായം അവസാനിപ്പിക്കും. പകരം കണക്ഷനെ സംബന്ധിച്ച വിവരവും മാറ്റങ്ങളും അറിയിച്ചാല്‍ മതി. വ്യവസായ ശാലകളുടെ പരിസരത്ത് വൈദ്യുതിബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കേ ഇപ്പോള്‍ ലൈനിലും മറ്റും അറ്റകുറ്റപ്പണി നടത്താന്‍ അനുവാദമുള്ളൂ. ഇനി ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ള, വ്യവസായ സ്ഥാപനം ചുമതലപ്പെടുത്തുന്നവര്‍ക്ക് അത് ചെയ്യാം.
*വ്യവസായ ശാലകളുടെ പരിസരത്ത് വൈദ്യുതിബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കേ ഇപ്പോള്‍ ലൈനിലും മറ്റും അറ്റകുറ്റപ്പണി നടത്താന്‍ അനുവാദമുള്ളൂ. ഇനി ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ള, വ്യവസായ സ്ഥാപനം ചുമതലപ്പെടുത്തുന്നവര്‍ക്ക് അത് ചെയ്യാം.
*ലിഫ്റ്റുകളുടെ ലൈസന്‍സ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ പുതുക്കുന്നത് ഇനി മൂന്നുവര്‍ഷത്തിലൊരിക്കലാക്കും. ഇപ്പോള്‍ പത്ത് കെ.വി. എ.ക്കു മുകളില്‍ ശേഷിയുള്ള ജനറേറ്ററുകള്‍ സ്ഥാപിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം. ഇത് 30 കെ.വി.എ. ആയി ഉയര്‍ത്തും. അനധികൃത വൈദ്യുതി ഉപയോഗം കണ്ടെത്തിയാല്‍ ഈടാക്കുന്ന അസസ്മെന്റ് ചാര്‍ജ് കുറയ്ക്കും.
ചട്ടങ്ങള്‍ മാറ്റാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ കണ്‍സ്യൂമേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എ.ആര്‍. സതീഷ് പറഞ്ഞു. അതേസമയം സിനിമാ തിയേറ്ററുകളുടെ നടത്തിപ്പിലും ഇളവുകള്‍ വരുത്തുന്നത് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഓപ്പറേറ്റര്‍ ലൈസന്‍സ് പുതുക്കുന്നത് മൂന്നില്‍നിന്ന് അഞ്ചുവര്‍ഷത്തിലൊരിക്കലാക്കും. സ്‌ക്രീന്‍ ഒന്നിന് ഒരു ഓപ്പറേറ്റര്‍ എന്ന നിബന്ധന ഒഴിവാക്കും. മള്‍ട്ടിപ്ലക്‌സില്‍ രണ്ട് സ്‌ക്രീനിന് ഒരു ഓപ്പറേറ്റര്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.