തിരുവനന്തപുരം-കാസര്‍ഗോഡ് സെമി - ഹൈസ്പീഡ് റെയില്‍; മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം



തിരുവനന്തപുരം-കാസര്‍ഗോഡ് സെമി - ഹൈസ്പീഡ് റെയിലിന് മുന്‍കൂര്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ഹരിത ട്രൈബ്യൂണലില്‍ ആണ് കേന്ദ്രം ഇത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ച 2006ലെ കേന്ദ്ര വിജ്ഞാപനത്തില്‍ റെയില്‍വേയോ റെയില്‍ പദ്ധതികളോ ഉള്‍പ്പെടുന്നില്ലെന്ന് കേന്ദ്രം അറിയിച്ചു. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് കേരളത്തിന്റെ സെമി - ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് മുന്‍കൂറായി പരിസ്ഥിതി അനുമതി വേണ്ടെന്നും കേന്ദ്രം പറയുന്നു. ചെന്നൈ ബെഞ്ചിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കുന്നത് 2019 ലാണ്. 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ ലൈനുകളാണ് തിരുവനന്തപുരം- കാസര്‍ഗോഡ് സെമി - ഹൈസ്പീഡ് റെയിലിന്റെ ഭാഗമായി നിര്‍മിക്കുന്നത്. നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ യാത്ര ചെയ്യാവുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴി പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൊച്ചുവേളിയില്‍ നിന്ന് കാസര്‍ഗോഡ് വരെ 532 കിലോമീറ്ററിലാണ് റെയില്‍പാത നിര്‍മിക്കുക. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്ന് മാറിയാണ് നിര്‍ദിഷ്ട റെയില്‍ ഇടനാഴി നിര്‍മിക്കുന്നത്.

തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിംഗ് സൗകര്യമുണ്ടായിരിക്കും. റെയില്‍ ഇടനാഴി നിര്‍മാണത്തിലൂടെ അര ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ലഭിക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 11,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.

കഴിഞ്ഞ വര്‍ഷം റെയില്‍പാതയുടെ സര്‍വേ പൂര്‍ത്തിയായിരുന്നു. ആകാശമാര്‍ഗം നടത്തിയ സര്‍വേ ജനവാസ മേഖലകള്‍ പരമാവധി കുറയ്ക്കുന്ന വിധത്തിലുള്ള അലൈന്‍മെന്റാണ് ലക്ഷ്യമിടുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ജിയോനാ കമ്പനിയാണ് സര്‍വേ നടത്തിയത്. അറുപത്തിയാറായിരത്തി എഴുപത്തിയൊമ്പത് കോടിയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കേരളാ റെയില്‍ വികസന കോര്‍പറേഷനാണ് നിര്‍മാണ ചുമതല. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ പത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ത്തും. തിരുവനന്തപുരം മുതല്‍ തിരുനാവായ വരെ ജനവാസം കുറഞ്ഞ മേഖലകളിലൂടെയാണ് പാത കടന്നുപോകുക. തിരുനാവായ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലെ പാതയ്ക്ക് സമാന്തരമായും നഗരങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രശ്നം ഒഴിവാക്കാന്‍ ആകാശ റെയില്‍പാത നിര്‍മിക്കും. 150 മുതല്‍ 200 കിലോമീറ്റര്‍ വരെ വേഗതയിലാകും ട്രെയിന്‍ സഞ്ചരിക്കുക. 2024 ല്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media