മികച്ച വ്യവസായ അന്തരീക്ഷം: നിതി ആയോഗ് ഇന്ത്യ  ഇന്നൊവേഷന്‍ സൂചികയില്‍ കേരളം ഒന്നാമത്


തിരുവനന്തപുരം: നിതി ആയോഗ് പുറത്തിറക്കിയ ഇന്ത്യ ഇന്നൊവേഷന്‍ സൂചികയുടെ ഏറ്റവും പുതിയ കണക്കില്‍ മികച്ച വ്യവസായ അന്തരീക്ഷത്തിലും നൂതനാശയ സംരംഭങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിലും കേരളം ഒന്നാമതെത്തി. ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ക്കുള്ള കേന്ദ്രത്തിന്റെ അംഗീകാരമാണ് പുതിയ നേട്ടമെന്നും മന്ത്രി പറഞ്ഞു.

മാനവമൂലധന ശേഷിയില്‍ രണ്ടാം സ്ഥാനവും കേരളം നേടി. നേരത്തേ കേന്ദ്രം തയാറാക്കിയ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' സൂചികയിലും ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനം കേരളമായിരുന്നു. പുതിയ സംരംഭങ്ങള്‍ക്കു മികച്ച അന്തരീക്ഷം സൃഷ്ടിക്കല്‍, പ്രോത്സാഹനം, നല്ല ഭരണം തുടങ്ങിയ ഘടകങ്ങളാണ് മികച്ച ബിസിനസ് സൗഹൃദ സൂചികയ്ക്കായി പരിഗണിച്ചത്. ഇന്ത്യ ഇന്നൊവേഷന്‍ സൂചികയില്‍ കഴിഞ്ഞതവണത്തെക്കാള്‍ നിലമെച്ചപ്പെടുത്തി അഞ്ചാംസ്ഥാനവും കേരളം നേടി.

മൂന്നുതട്ടുകളായി തിരിച്ചാണ് ഇന്ത്യ ഇന്നൊവേഷന്‍ സൂചിക തയാറാക്കിയത്. വ്യവസായ സൗഹൃദത്തിനായി സ്വീകരിച്ച നടപടികള്‍, ഓണ്‍ലൈന്‍ സേവന ഇടപാടുകള്‍, ഇന്‍കുബേറ്റര്‍ കേന്ദ്രങ്ങള്‍, പൊതുസൗകര്യകേന്ദ്രങ്ങള്‍, ഇന്റര്‍നെറ്റ് ലഭ്യത തുടങ്ങിയവയാണ് മികച്ച വ്യവസായ അന്തരീക്ഷ മേഖലയില്‍ കേരളത്തെ എത്തിച്ചത്.

ശാസ്ത്ര സാങ്കേതിക മേഖലയിലെ നിക്ഷേപം, സാങ്കേതിക വിദ്യാ മേഖലയില്‍ പരിശീലനം നേടുന്നവരുടെ എണ്ണം, ഗവേഷകരുടെ എണ്ണം, എന്‍എഎസ് സ്‌കോര്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം, ക്ലസ്റ്ററുകളുടെ ശേഷി, വിജ്ഞാന അധിഷ്ഠിത തൊഴില്‍ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യവസായ നൂതനാശയ സംരംഭങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ കേരളം ഒന്നാമതായത്.

കേന്ദ്ര ധനവിനിയോഗ വകുപ്പ് നിര്‍ദേശിച്ച നിക്ഷേപ സൗഹൃദ പരിഷ്‌ക്കാരങ്ങള്‍ സമയബന്ധിതമായും വിജയകരമായും നടപ്പാക്കിയതിന്റെ ഭാഗമായി 2,373 കോടി രൂപയോളം അധിക വായ്പയെടുക്കാന്‍ കേരളത്തിന് കഴിഞ്ഞ ദിവസം കേന്ദ്രം അനുമതി നല്‍കിയിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media