ഊരാളുങ്കല്‍ സൊസൈറ്റിക്ക് ആഗോളറാങ്കിങ്ങില്‍ ഹാറ്റ്ട്രിക്! തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ലോകത്തു രണ്ടാം സ്ഥാനത്ത്. വ്യവസായ - അവശ്യസേവന മേഖലയില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന വിറ്റുവരവിനാണ് അംഗീകാരം. ഒന്നാം സ്ഥാനം സ്‌പെയിനിലെ കോര്‍പ്പറേഷന്‍ മോണ്‍ട്രാഗോണ്‍ എന്ന തൊഴിലാളിസംഘത്തിനാണ്. മൂന്നുമുതല്‍ ആദ്യ 10 സ്ഥാനങ്ങള്‍ ഇറ്റലി, ജപ്പാന്‍, അമേരിക്ക, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ക്കാണ്.
ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോപ്പറേറ്റീവ്‌സ് ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രൈസസും (Euricse) ചേര്‍ന്നു വര്‍ഷംതോറും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടായ വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടറാണ് സഹകരണസ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നത്. 2020-ലെ റാങ്കിങ്ങുകളാണ് അവരുടെ കഴിഞ്ഞദിവസം പുറത്തിറക്കിയ 2022-ലെ റിപ്പോര്‍ട്ടില്‍ ഉള്ളത്.
വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിയെ 2019-ല്‍ ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സ് അംഗത്വം നല്കി ആദരിച്ചിരുന്നു. ആ ആഗോളസമിതിയില്‍ അംഗത്വം ലഭിച്ചിട്ടുള്ള ഏക പ്രാഥമികസഹകരണംസംഘമാണ് യുഎല്‍സിസിഎസ്. മാതൃകാസഹകരണസംഘമായി പ്രഖ്യാപിച്ച് യുണെസ്‌കോ യുഎല്‍സിസിഎസിനെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍തന്നെ ഭരണം നടത്തുന്ന സ്ഥാപനം എന്ന സവിശേഷതയുമുണ്ട്.
നിര്‍മ്മാണമേഖലയ്ക്കു പുറമെ, ടൂറിസം, നൈപുണ്യവികസനം, വിദ്യാഭ്യാസം, കാര്‍ഷിക-ക്ഷീരോത്പാദനവും സംസ്‌ക്കരണവും, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലേക്കു വൈവിദ്ധ്യവത്ക്കരിച്ചിട്ടുള്ള സൊസൈറ്റിയുടെ പല സംരംഭവും ലോകനിലവാരത്തില്‍ ഉള്ളതാണ്. കോഴിക്കോട്ടെ യുഎല്‍ സൈബര്‍ പാര്‍ക്ക്, യുഎല്‍ ടെക്‌നോളജി സൊല്യൂഷന്‍സ്, തിരുവനന്തപുരത്തും വടകരയിലുമുള്ള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജുകള്‍, കൊല്ലം ചവറയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാഷ്ടസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ തുടങ്ങിയവ സൊസൈറ്റിയുടെ മികവിന്റെ സാക്ഷ്യങ്ങളാണ്.
ജനങ്ങള്‍ക്കു തൊഴിലും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുക എന്ന അടിസ്ഥാനദൗത്യം നിര്‍വ്വഹിച്ചുവരുന്ന ഈ സൊസൈറ്റി നിര്‍മ്മാണമേഖലയില്‍ 13,000 തൊഴിലാളികള്‍ക്കും ആയിരം എന്‍ജിനീയര്‍മാര്‍ക്കും ആയിരം സാങ്കേതികവിദഗ്ദ്ധര്‍ക്കും ഐറ്റി മേഖലയില്‍ 2000 പ്രൊഫഷണലുകള്‍ക്കും കരകൗശലമേഖലയില്‍ ആയിരത്തില്‍പ്പരം പേര്‍ക്കും സ്ഥിരമായി തൊഴില്‍ നല്കുന്നു. തൊഴിലാളിക്ഷേമം, സാമൂഹികക്ഷേമം എന്നിവയിലും ലോകത്തിനാകെ മാതൃകയായി സൊസൈറ്റി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
കേരളീയനവോത്ഥാന നായകരില്‍ പ്രമുഖനായ വാഗ്ഭടാനദഗുരുവിന്റെ മുന്‍കൈയില്‍ 1925-ല്‍ 14 അംഗങ്ങള്‍ ചേര്‍ന്ന് ആറണ(37 പൈസ)യുടെ പ്രാരംഭമുതല്‍മുടക്കില്‍ ആരംഭിച്ച 'ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം' ആണ് ഇന്ന് ഇന്‍ഡ്യന്‍ സഹകരണമേഖലയുടെ അഭിമാനം ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.