ദില്ലി: വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. നിയമത്തിലെ മാറ്റങ്ങളെ ന്യായീകരിച്ച് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമം ഭാഗികമായി സ്റ്റേ ചെയ്യുന്നതിന് കോടതിക്ക് അധികാരം ഇല്ലെന്നും ഇത് പാര്‍ലമെന്റിന്റെ അധികാരത്തിലുള്ള കൈകടത്തലാണെന്നുമാണ് കേന്ദ്രത്തിന്റെ വാദം. വഖഫ് ഭേദഗതി കാരണം അനീതി നേരിട്ടെന്ന് കാണിച്ച് ആരും കോടതിയില്‍ എത്തിയിട്ടില്ലെന്നും കേന്ദ്രം പറയുന്നു. നിയമം സ്റ്റേ ചെയ്യരുത് എന്ന വാദത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി നേരത്തെ കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. വഖഫ് നിയമം സ്വകാര്യ, സര്‍ക്കാര്‍ ഭൂമി കൈക്കലാക്കാന്‍ ദുരുപയോഗം ചെയ്‌തെന്ന് ആരോപിക്കുന്ന കേന്ദ്രം ഇതിനെതിരായ പരാതികളും സത്യവാങ്മൂലത്തിനൊപ്പം നല്‍കിയിട്ടുണ്ട്. കേസ് ഇനി പരിഗണിക്കുന്നത് മെയ് മൂന്നിനാണ്.
വഖഫ് നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍നീക്കം തടഞ്ഞുള്ളതായിരുന്നു സുപ്രീംകോടതി വിധി. നിലവിലെ വഖഫ് സ്വത്തുക്കള്‍ അതല്ലാതാക്കാനോ വഖഫ് കൗണ്‍സിലിലേക്കും ബോര്‍ഡുകളിലേക്കും നിയമനം നടത്താനോ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. കേന്ദ്രത്തിന് കൂടുതല്‍ രേഖകള്‍ നല്‍കാന്‍ സമയം നല്‍കിയ കോടതി കേസ് ഇനി പരിഗണിക്കുന്ന മേയ് മൂന്ന് വരേക്കാണ് ഈ ഉത്തരവ് നല്‍കിയത്. നിയമം പൂര്‍ണ്ണമായി സ്റ്റേ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.