പുതിയ ഫീച്ചറുകളുമായി സമൂഹമാധ്യമങ്ങള്‍
പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുതിയ സുരക്ഷാ സൗകര്യങ്ങളേര്‍പ്പെടുത്തി സമൂഹമാധ്യമങ്ങള്‍. പുതിയ ഫീച്ചറുകള്‍ പ്രകാരം കുട്ടിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ ഉണ്ടെങ്കില്‍ നീക്കം ചെയ്യാന്‍ ഗൂഗിളിനോട് ആവശ്യപ്പെടാം. പരസ്യങ്ങളില്‍ അനുചിതമായ ഉള്ളടക്കം കുട്ടികള്‍ കാണുന്നത് ഒഴിവാക്കും. കുട്ടികളുടെ അക്കൗണ്ടുകളില്‍നിന്നുള്ള ലൊക്കേഷന്‍ വിവരങ്ങള്‍ സൂക്ഷിക്കില്ല. അങ്ങനെ നിരവധി ഫീച്ചറുകളാണ് സമൂഹമാധ്യമങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യൂട്യൂബില്‍ ഇനി മുതല്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്കു പോസ്റ്റ് ചെയ്യാന്‍ കഴിയില്ല, ഓട്ടോ പ്ലേ ഓപ്ഷന്‍ ഓഫാക്കും, ഉറങ്ങാന്‍ സമയമാകുമ്പോള്‍ സ്വയം ഓര്‍മിപ്പിക്കും തുടങ്ങി ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാനും അനുചിതമായ പരസ്യങ്ങള്‍ കാണുന്നത് ഒഴിവാക്കാനുമുള്ള സൗകര്യങ്ങളാണ് വന്നിട്ടുള്ളത്.
ഇന്‍സ്റ്റഗ്രാം; ലിമിറ്റ്‌സ്: ഇതുപയോഗിച്ചാല്‍ പോസ്റ്റിനു താഴെ ഫോളോ ചെയ്യുന്നവര്‍ക്കു മാത്രമേ കമന്റ് രേഖപ്പെടുത്താന്‍ കഴിയുകയുള്ളൂ.
ഹിഡന്‍ വേഡ്‌സ്: മോശം പ്രയോഗങ്ങള്‍ കണ്ടെത്തി മുന്നറിയിപ്പു നല്‍കുകയും പോസ്റ്റില്‍നിന്ന് അദൃശ്യമാക്കുകയും ചെയ്യും. ഗുരുതര പ്രശ്‌നങ്ങളിലേക്കു വഴിവച്ചേക്കാവുന്ന ഹാഷ്ടാഗുകള്‍, ഇമോജികള്‍ തുടങ്ങിയവ കണ്ടെത്തി മുന്നറിയിപ്പു നല്‍കുന്ന സംവിധാനം മെച്ചപ്പെടുത്തി. ഒപ്പം തന്നെ അനാവശ്യ റിക്വസ്റ്റുകള്‍ ഒഴിവാക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തി.
വാട്‌സാപ്പില്‍ 217 പുതിയ ഇമോജികളില്‍ താടിയുള്ളവരെയും വ്യത്യസ്ത ഹെയര്‍ സ്‌റ്റൈലുകള്‍ ഉള്ളവരെയും ഉള്‍പ്പെടുത്തി.
ഇമേജ് എഡിറ്റര്‍: വാട്‌സാപ് വെബ് വേര്‍ഷനില്‍ ലഭ്യമല്ലാതിരുന്ന ഇമേജ് എഡിറ്റിങ് ഉള്‍പ്പെടുത്തി. ഫില്‍റ്ററുകള്‍ ഉപയോഗിക്കാനും പടങ്ങള്‍ക്കൊപ്പം ഇമോജികളും സ്റ്റിക്കറുകളും കൂട്ടിച്ചേര്‍ക്കാനും കഴിയും.