മേളക്കൊളുപ്പില്ല; 2500 ഡെലിഗേറ്റുകള്‍ മാത്രം;ഗോവ രാജ്യാന്തര ചലച്ച്രത്ര മേളക്ക് ഇന്ന് വൈകിട്ട് തുടക്കം
പനാജി: 51-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കമാവും. വൈകിട്ട് കലാ അക്കാദമിയിലാണ് ഉദ്ഘാടനം. കോവിഡിന്റ് പശ്ചാത്തലത്തില്‍ ഉദ്ഘാടന ചടങ്ങിന് പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വവിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇത്തവണ മേള അദ്ദേഹത്തിനു സമര്‍പ്പിക്കുകയാണ്. മേളയില്‍ റേയുടെ പഥേര്‍ പാഞ്ചാലി, ചാരുലത, സോണാര്‍ കെല്ല, ഗരേ ബെ്‌യ് രേ, ശത്രഞ്ജ് കേ ഖിലാഡി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അടുത്തിടെ വിടപറഞ്ഞ എസ്.പി ബാലസുബ്രഹ്‌മണ്യം, സൗമിത്ര ചാറ്റര്‍ജി, ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍, ചാഡ്വിക് ബോസ്മാന്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെയും ലോക സിനിമയിലെയും ചലച്ചിത്ര പ്രതിഭകള്‍ക്ക് മേളയില്‍ ആദരം അര്‍പ്പിക്കും.
ഇത്തവണ ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമെ പ്രവേശനമുള്ളൂ. അല്ലാത്തവര്‍ക്ക ഓണ്‍ലൈനായി സിനിമകാണാം. 224 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അര്‍ജന്റീനയില്‍ നിന്നുള്ള സംവിധായകന്‍ പാബ്ലോ സെസാറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കര്‍ ഷോഡി (ഓസ്ട്ര്ിയ), റുബയ്യാത്ത് ഹുസൈന്‍ (ബംഗ്ലാദേശ്) എന്നിവരും ജൂറി അംഗങ്ങളാണ്.
ഡാനിഷ് സംവിധായകന്‍ തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ടാണ് ഉദ്ഘാടന ചിത്രം. കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്‌പൈ ആയിരിക്കും സമാപന ചിത്രം. കൃപാല്‍ കലിതയുടെ ബ്രിഡ്ജ്, സിദ്ധാര്‍ത്ഥ് ത്രിപാഠിയുടെ എ. ഡോഗ് ആന്‍ഡ് ഹിസ്് മാന്‍, ഗമേശ് വിനായകന്‍ സംവിധാന നിര്‍വഹിച്ച തേന്‍ എന്നിവയാണ് മത്സര വിഭാഗത്തിലുള്ള ഇന്ത്യന്‍ ചിത്രങ്ങള്‍. മത്സര വിഭാഗത്തില്‍ ഇക്കുറി മലയാള ചിത്രങ്ങളില്ല. പോര്‍ച്ചുഗല്‍, ഇറാന്‍, ഡെന്മാര്‍ക്ക്. ഫ്രാന്‍സ്, തായ് വാന്‍, സ്‌പെയിന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് മറ്റ് എന്‍ട്രികള്‍.
23 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്. മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും പനോരമ വിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്.